സുൽത്താൻ ബത്തേരി: വ്യാജ രേഖയുമായി മുത്തങ്ങയിലെ അതിർത്തി ചെക്ക് പോസ്റ്റിലൂടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ ടി. റെജിയാണ് (22) പിടിയിലായത്. ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള പ്രവേശന പാസിൽ റൂട്ടും തീയതിയും മാറ്റിയാണ് ഇയാളെത്തിയത്. വ്യാജരേഖ ചമച്ചതിനും വഞ്ചനാകുറ്റത്തിനും കേസെടുത്ത ശേഷം യുവാവിനെ മടക്കി അയച്ചു.
ബംഗളുരുവിൽ പഠിക്കുന്ന റെജിയ്‌ക്ക് നാട്ടിലെത്താൻ മഞ്ചേശ്വരം തലപ്പാടി വഴിയാണ് പ്രവേശന പാസ് അനുവദിച്ചിരുന്നത്. എന്നാൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പാസിലെ സ്ഥലവും തീയതിയും റൂട്ടും മാറ്റുകയായിരുന്നു. മുത്തങ്ങയിലെ അതിർത്തി ചെക്ക്പോസ്റ്റ് കഴിഞ്ഞുള്ള മിനി ആരോഗ്യ കേന്ദ്രത്തിലെ കമ്പ്യൂട്ടർ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കർണാടകയിൽ കാര്യമായ പരിശോധനയില്ലാത്തതിനാലാണ് തടസമില്ലാതെ യുവാവ് മുത്തങ്ങ അതിർത്തിവരെ എത്തിയത്.
പാസില്ലാതെ നിരവധിപേർ
അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെ നിരവധിപേർ അതിർത്തി കടക്കാൻ ഇന്നലെയുമെത്തി. പക്ഷേ ഇവരെ മടക്കി അയച്ചു. ചിലർ താത്കാലിക പാസ് ലഭിക്കുമെന്ന വിശ്വാസത്തിൽ മുലഹള്ള ചെക്ക്‌പോസ്റ്റിന് സമീപം തങ്ങുന്നുണ്ട്. അതിർത്തിയിലെ പരിശോധന കേന്ദ്രത്തിൽ ഇന്നലെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. കൂടുതൽ പരിശോധന കൗണ്ടറുകൾ സ്ഥാപിച്ചു.
സമ്പർക്കത്തിലൂടെയും മറ്റും വയനാട്ടിൽ കൊവിഡ് വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന പരിശോധനയും നിയന്ത്രണങ്ങളുമാണ് നടപ്പിലാക്കുന്നത്. പാസില്ലാതെ ആരെയും കടത്തി വിടേണ്ടെന്ന കർശന നിലപാടിലാണ് ജില്ലാ ഭരണകൂടം.