കോഴിക്കോട്: പുതുതായുള്ള 267 പേരുൾപ്പെടെ ജില്ലയിൽ 3203 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. പുതുതായി വന്ന 34 പേരുൾപ്പെടെ 164 പേർ പ്രവാസികളാണ്. ഇതിൽ 75 പേർ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററിലും 89 പേർ വീടുകളിലുമാണ്. വീടുകളിലുള്ള 89 പേരിൽ 27 പേർ ഗർഭിണികളാണ്.
ഇതുവരെ 23,070 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ വന്ന 11 പേരുൾപ്പെടെ 24 പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ട്. ഒമ്പത് പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 26 സ്രവ സാമ്പിൾ പരിശോധനയ്‌ക്കച്ചു. ആകെ 2411 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2273 എണ്ണത്തിന്റെ ഫലം ലഭിച്ചു. 2242 എണ്ണം നെഗറ്റീവാണ്. 138 ഫലം കൂടി ലഭിക്കാനുണ്ട്.
മലയാളികൾ തിരിച്ചു വരുന്നത് കാരണം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ആശുപത്രികൾ സജ്ജമാക്കുന്നതിനുള്ള കർമ്മ പദ്ധതി രൂപീകരിക്കാൻ എ. പ്രദീപ്കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ സാംബശിവറാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീത് കുമാർ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ, സ്വകാര്യ ആശുപത്രി അസോസിയേഷൻ പ്രതിനിധി, ഐ.എം.എ. പ്രതിനിധി എന്നിവർ പങ്കെടുത്തു.