photo

ബാലുശ്ശേരി: കാറിൽ കടത്തിയ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. ബാലുശേരി പൊലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ കഴിഞ്ഞ ദിവസം രാത്രി പൂനൂരിൽ വെച്ചാണ് കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 8910 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. മങ്ങാട് നീരൊലിപ്പിൽ അബ്ദുൾ ജമാലിനെ (42) അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെടുത്തിട്ടുണ്ട്. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവിതരണക്കാരനായ ഇയാൾ കർണാടകയിൽ നിന്നുള്ള പച്ചക്കറി വണ്ടികളിൽ സാധനം എത്തിച്ച് വലിയ തുകയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ബാലുശേരി എസ്.ഐ കെ. പ്രജീഷ്, എ.എസ്.ഐമാരായ സുധി, ഗിരീഷ്, അരവിന്ദൻ, സി.പി.ഒ റിനീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.