കോഴിക്കോട്: കേരളത്തിലേക്ക് മടങ്ങുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിന് ഹോട്ടൽ, ലോഡ്ജ് മുറികൾ സൗജന്യമായി നൽകാനാവില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. പ്രവാസികളുടെ വരവ് എത്രകാലം നീണ്ടുനിൽക്കുമെന്ന് നിശ്ചയമില്ല.
ക്വാറന്റൈൻ ചെയ്യുന്നതിനായി വിട്ടുനൽകുന്ന കാലത്തെ വൈദ്യുതി, വെള്ളം, ജനറേറ്റർ, അറ്റകുറ്റപ്പണികൾ എന്നിവയുടെ ചെലവുകൾ ആരു വഹിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പല ഹോട്ടൽ മുറികളും നിർബന്ധപൂർവമാണ് ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്നത്. ക്വാറന്റൈൻ ആവശ്യത്തിന് ഏറ്റെടുക്കുന്ന മുറികൾക്ക് വരുന്ന അധികചെലവ് ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഹോട്ടലുടമകൾക്കില്ല.
കെ.ടി.ഡി.സി ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്യുന്നവർ വാടക നൽകണമെന്നിരിക്കെ സാധാരണ ലോഡ്ജുടമകൾ സൗജന്യമായി നൽകണമെന്ന നിർദ്ദേശം ഇരട്ടത്താപ്പാണ്. ഹോട്ടൽ മുറികളുടെ സൗകര്യത്തിനനുസരിച്ച് താമസക്കാരിൽ നിന്ന് വാടക ഈടാക്കാൻ അനുവാദം നൽകുകയോ സർക്കാർ വാടക നൽകുകയോ ചെയ്യണമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി.ജയപാലും ആവശ്യപ്പെട്ടു.