karipur-airport-

കോഴിക്കോട്: കൊവിഡ് ആശയ്‌ക്കിടെ നാടിന്റെ സുരക്ഷയിലേക്ക് ബഹ്‌റൈനിൽ നിന്ന് 68 സ്ത്രീകളും 116 പുരുഷന്മാരുമടക്കം 184 പേർ മടങ്ങിയെത്തി. ഇന്നലെ പുലർച്ചെ 12.40നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐ.എക്‌സ് 0474 പ്രത്യേക വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ജില്ലയിൽ നിന്ന് 67 പേരാണ് തിരിച്ചെത്തിയത്. ഒരു ഗോവ സ്വദേശിയും സംഘത്തിലുണ്ട്. യാത്രക്കാരെ എയ്‌റോ ബ്രിഡ്‌ജിൽ തന്നെ ശരീരോഷ്മാവ് പരിശോധിച്ചു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനയ്‌ക്കും വിധേയരാക്കി.

 രോഗ ലക്ഷണമുള്ളവർ ആശുപത്രിയിൽ

രോഗലക്ഷണങ്ങൾ പ്രകടമാക്കിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെയും പാലക്കാട് സ്വദേശിയെയും റൺവേയിൽ വച്ചുതന്നെ ആംബുലൻസുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ കേന്ദ്രത്തിലെത്തിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ട കോഴിക്കോട് സ്വദേശിയെയും രണ്ട് കണ്ണൂർ സ്വദേശികളെയും മെഡിക്കൽ കോളേജിലേക്കും പത്തനംതിട്ട സ്വദേശിയെ അവിടത്തെ കോവിഡ് ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യ വകുപ്പിന്റെ 108 ആംബുലൻസുകളിലാണ് ഇവരെ കൊണ്ടുപോയത്.

 90 പേർ കെയർ സെന്ററുകളിൽ

വിമാനത്തിലെ 90 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലാക്കി. ജില്ലയിലെ 37 പേരെയാണ് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയത്. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 65 വയസിന് മുകളിലുള്ള ആറ് പേർ, 10 വയസിനു താഴെയുള്ള 41 കുട്ടികൾ, 22 ഗർഭിണികൾ എന്നിവരെ പ്രത്യേക നിരീക്ഷണത്തിന് വീടുകളിലേക്കയച്ചു. ജില്ലയിലെ 26 പേരാണ് വീടുകളിലേക്ക് പോയത്. ഗോവയിലേക്കുള്ള യാത്രക്കാരനും സ്വകാര്യ വാഹനത്തിൽ പ്രത്യേക അനുമതിയോടെ നാട്ടിലേക്ക് മടങ്ങി.

 സുരക്ഷയുടെ കരുതൽ

തിരിച്ചെത്തിയവരുടെ ആരോഗ്യ സുരക്ഷയ്‌ക്കായി വിപുലമായ ക്രമീകരണങ്ങളാണ് വിമാനത്താവളത്തിലുള്ളത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ ആറ് മെഡിക്കൽ സംഘങ്ങളുണ്ട്. ആരോഗ്യ പരിശോധനയ്‌ക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളുമുണ്ടായിരിക്കും. ഗർഭിണികൾക്കായി ഗൈനക്കോളജിസ്റ്റിന്റേയും നഴ്സുമാരുടേയും സേവനവുമുണ്ടായിരുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സംഘം കൊവിഡ് പ്രതിരോധ ബോധവത്കരണ ക്ലാസെടുത്തു. യാത്രക്കാരുടെ വിവര ശേഖരണത്തിന് അഞ്ച് കൗണ്ടറുകളുണ്ടായിരുന്നു. എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകൾക്ക് നാലും കൗണ്ടറുകളുമുണ്ട്.

യാത്രക്കാർക്കായി 43 ആംബുലൻസുകളും ആറ് കെ.എസ്.ആർ.ടി.സി ബസുകളും 60 പ്രീ-പെയ്ഡ് ടാക്‌സികളും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു.