തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായധനം ഒ.ആർ.കേളു എം.എൽ.എ ഏറ്റുവാങ്ങി. പ്രവാസിയായ കുഞ്ഞോം കല്ലേരി മോയിയുടെ മകൾ അർഷിത പതിനായിരം രൂപ നൽകി. എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിനി അർഷിത ഹോസ്റ്റൽഫീസ് നൽകാനായി സ്വരൂപിച്ച പണമാണ് കൈമാറിയത്.

കുഞ്ഞോം ലേബർ കോൺട്രാക്ട് സൊസൈറ്റി പതിനായിരം രൂപ എം.എൽ.എ ക്ക് കൈമാറി.സംഘം പ്രസിഡന്റ് കെ.സി.ആലി ഹാജിയാണ് തുക കൈമാറിയത്.

മട്ടിലയത്ത് കോട്ടകുന്നിൽ ശേഖരൻ കർഷക തൊഴിലാളി പെൻഷനിൽ നിന്ന് മാറ്റി വെച്ച അയ്യായിരം രൂപ എം.എൽ.എയെ ഏൽപ്പിച്ചു. കഴിഞ്ഞ പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് മുപ്പതു സെന്റ് സ്ഥലം ഇദ്ദേഹം സൗജന്യമായി വിട്ടു നൽകിയിരുന്നു.

റിട്ട. അദ്ധ്യാപകനും സി.പി.എം കാഞ്ഞിരങ്ങാട് ലോക്കൽ സെക്രട്ടറിയുമായ എ.കെ.ശങ്കരൻ തന്റെ പെൻഷൻ തുകയിൽ നിന്ന് മാറ്റിവെച്ച പതിനയ്യായിരം രൂപ നൽകി.