മാനന്തവാടി: നഗരസഭയിലെ പാലാകുളി നെട്ടനാനിക്കൽ സുധാകരൻ പ്രളയകാലത്ത് തനിക്ക് ലഭിച്ച സഹായങ്ങൾക്ക് സമൂഹത്തോടുള്ള കടപ്പാടറിയിച്ച് കാർഷിക ഉൽപ്പന്നങ്ങൾ സാമൂഹിക അടുക്കളയിലേക്ക് നൽകി. കൃഷിയാണ് സുധാകരന്റെ ഉപജീവന മാർഗ്ഗം. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി. കഴിഞ്ഞ രണ്ട് പ്രളയത്തിലും വാഴ, കാപ്പി, കുരുമുളക്, പച്ചക്കറികൾ എന്നിവയെല്ലാം പൂർണ്ണമായി നശിച്ച് പോയിരുന്നു. ഈ സമയങ്ങളിലെല്ലാം വിവിധ സന്നദ്ധ സംഘടനകൾ, മാനന്തവാടി നഗരസഭ എന്നിവരെല്ലാം സഹായം നൽകിയിരുന്നു, ഇതിന് നന്ദി അർപ്പിച്ച് കൊണ്ടാണ് തന്റെ കൃഷിയിടത്തിലുണ്ടായ 200 കിലോ ചിരങ്ങ മാനന്തവാടി നഗരസഭ സാമൂഹിക അടുക്കളയിലേക്ക് നൽകിയത്. അയൽവാസികൾക്കും സൗജന്യമായി പച്ചക്കറികളും നൽകിയിട്ടുണ്ട്. നഗരസഭ കൗൺസിലർ പുഷ്പ രാജന്റെ സാന്നിധ്യത്തിൽ സാമൂഹിക അടുക്കള വളണ്ടിയർമാർക്ക് ഉൽപ്പന്നങ്ങൾ നൽകി.