കൽപ്പറ്റ: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ മാസ്‌ക്, സാനിറ്റെസർ, സാമൂഹിക അകലം തുടങ്ങിയ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദീകരിച്ച് 26 സ്‌ക്വാഡുകൾ ജില്ലയിൽ പരിശോധനയ്ക്കായി ഇന്ന് മുതൽ ഇറങ്ങും. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ഉടമകളെ മെഡിക്കൽ ഓഫീസറുടെ ബോധവൽക്കരണ ക്ലാസിൽ നിർബന്ധിതമായി പങ്കെടുപ്പിക്കും.
വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ ജില്ലയിൽ അയവ് വരുത്തിയത് സ്ഥാപന ഉടമകളുടെ സാമ്പത്തിക പ്രതിസന്ധി കൂടി പരിഗണിച്ചാണ്. എന്നാൽ ഇത് രോഗ വ്യാപന സാധ്യത വർദ്ധിപ്പിക്കുന്ന പക്ഷം തീരുമാനം മാറ്റേണ്ടി വരും.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾ പൊതു ഇടങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. മറ്റു ജില്ലകളിലേക്കുള്ള യാത്രകളും അത്യാവശ്യ കാര്യത്തിനു മാത്രമായി ചുരുക്കണം.

ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഫുട്‌ബോൾ, ക്രിക്കറ്റ്, ചീട്ട് കളി തുടങ്ങിയവ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കളിസ്ഥലത്തിന്റെ ഉടമകളുടെ പേരിലാണ് ഇക്കാര്യത്തിൽ നടപടി ഉണ്ടാവുകയെന്നും കളക്ടർ പറഞ്ഞു.

നിരീക്ഷണത്തിൽ 215 പേർ കൂടി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 215 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2021 ആയി. ഇതിൽ കോവിഡ് സ്ഥിരീകരിച്ച 8 പേർ അടക്കം 18 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 49 പേർ ചൊവ്വാഴ്ച്ച നിരീഷണ കാലയളവ് പൂർത്തീകരിച്ചു. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 774 സാമ്പിളുകളിൽ 664 ആളുകളുടെ ഫലം ലഭിച്ചു. 653 എണ്ണം നെഗറ്റീവാണ്. 95 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2571 വാഹനങ്ങളിലായി എത്തിയ 4880 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയത് 36 പേർ
കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ജില്ലയിൽ മടങ്ങിയെത്തിയത് 36 പേർ. 13 പുരുഷൻമാരും 16 സ്ത്രീകളും 7 കുട്ടികളുമുണ്ട്. 9 പേർ ഗർഭിണികളാണ്.

10 പേരെ കല്പറ്റയിലും ഒരാളെ മലപ്പുറത്തും ക്വാറന്റൈനിൽ താമസിപ്പിച്ചു. ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 24 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ട്രെയിനിൽ വരുന്നവർ പാസ് എടുക്കണം
പാസില്ലാത്തവരെ ക്വാറന്റൈനിലേക്ക് മാറ്റും
രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി 'കൊവിഡ്19 ജാഗ്രത' പോർട്ടലിൽ അപേക്ഷിക്കണം. ഇതിനകം ഏതുമാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽമാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.
ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ 'കൊവിഡ്19 ജാഗ്രത' വഴി രേഖപ്പെടുത്തണം. കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർ നിർബന്ധിത 14 ദിവസ ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം. ഹോം ക്വാറന്റൈൻ പാലിക്കാത്തവരെ നിർബന്ധമായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ മാറ്റും. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് തുടർപരിശോധന നടത്തും.
റെയിൽവേ സ്‌റ്റേഷനിൽനിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറൻയിൻ സ്വീകരിക്കുകയും വേണം. റെയിൽവേ സ്‌റ്റേഷനുകളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.
കൊവിഡ് 19 ജാഗ്രത പോർട്ടലിൽ (https://covid19jagratha.kerala.nic.in) പാസിനപേക്ഷിക്കാതെ വരുന്ന യാത്രക്കാർ നിർബന്ധമായും 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

18 വാർഡുകൾ കൂടി കണ്ടൈൻമെന്റ് സോൺ
നെൻമേനി, എടവക, മീനങ്ങാടി പഞ്ചായത്തുകളിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെപറയുന്ന വാർഡുകൾ കൂടി കോവിഡ് കണ്ടൈൻമെന്റുകളായി പ്രഖ്യാപിച്ചു.
നെൻമേനി ഗ്രാമപഞ്ചായത്ത് : 9,10,11,12, എടവക പഞ്ചായത്ത് : 9,10,11,12, മാനന്തവാടി നഗരസഭ: 19,20,23 , മീനങ്ങാടി പഞ്ചായത്ത് : 7,11,13,14,15,16,18 എന്നിവയാണ് പുതുതായി കണ്ടൈൻമെന്റ് സോൺ വാർഡുകളായത്.

നേരത്തെ കണ്ടൈൻമെന്റ് സോൺ വാർഡുകളായി പ്രഖ്യാപിക്കപ്പെട്ടിടത്ത് തൽസ്ഥിതി തുടരും. കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര,സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയിട്ടുളള എല്ലാ നിയന്ത്രണങ്ങളും ഈ വാർഡുകളിൽ ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

855 അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് സ്വദേശത്തേക്ക് മടങ്ങും
കൽപ്പറ്റ: ജാർഖണ്ഡ്,രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുളള 855 അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കും. ജാർഖണ്ഡ് സ്വദേശികളായ 509 പേരും രാജസ്ഥാൻ സ്വദേശികളായ 346 പേരുമാണ് ജില്ലയിൽ നിന്നു മടങ്ങുന്നത്. ഇവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗ്ഗം യാത്രയാകും. ഇവരെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് 33 കെ.എസ്.ആർ.ടിസി ബസുകൾ ജില്ലാ ഭരണകൂടം ഏർപ്പാടാക്കിയിട്ടുണ്ട്. ബസ് യാത്രാകൂലി ഇവരിൽ നിന്ന് ഈടാക്കില്ല.

രാവിലെ 11 ന് എസ്.കെ.എം.ജെ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം നൽകിയാണ് ഇവരെ യാത്രയാക്കുക. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ജില്ലയിൽ നിന്നു മടങ്ങുന്ന ആദ്യ അന്യസംസ്ഥാന തൊഴിലാളി സംഘമാണ് ഇത്.


നിരീക്ഷണത്തിൽ കഴിയുന്നവർ സത്യവാങ്മൂലം നൽകണം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും സംസ്ഥാനത്തെത്തുന്നവർ സത്യവാങ്മൂലം സമർപ്പിക്കണം. നിരിക്ഷണകേന്ദ്രത്തിൽ എത്തിയതു മുതൽ പാലിക്കേണ്ട നിബന്ധനകളും നിർദ്ദേശങ്ങളുമാണ് ഇതിലുള്ളത്.