എടച്ചേരി: കൊവിഡ് കാലം ചെലവഴിക്കാൻ ചെറുപ്പത്തിൽ പരിശീലിച്ച കഴിവുകൾ ഐശ്വര്യ പുറത്തെടുത്തപ്പോൾ കുപ്പികളിൽ പിറവിയെടുത്തത് മനോഹര ശിൽപ്പങ്ങൾ. വയലിൻ, കുപ്പിക്കുള്ളിലെ കപ്പൽ, തെയ്യം, ദൈവങ്ങളുടെ ചിത്രങ്ങൾ എന്നിവ ഐശ്വര്യയുടെ കരവിരുതിൽ വിരിഞ്ഞ ചിലതു മാത്രം. റോഡരികിൽ നിന്ന് ശേഖരിച്ച കുപ്പികളിലാണ് ഐശ്വര്യ ചിത്രങ്ങൾ വരയ്ക്കുന്നത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചുള്ള ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് ഐശ്വര്യ പറയുന്നു. മ്യൂറൽ പെയിന്റിംഗിലും കഴിവു തെളിയിച്ച ഈ കലാകാരിയുടെ കലാസൃഷ്ടികൾ നിരവധിയുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാലും കുപ്പി വരയിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് കക്കംവെള്ളി സ്വദേശിയായ ഐശ്വര്യയുടെ ശ്രമം. എടച്ചേരി കളിയാംവെള്ളിയിലെ വണ്ണാന്റവിട ദിനേശന്റെയും എടച്ചേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൻ ബിന്ദുവിന്റെയും മകളാണ്.