എടച്ചേരി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തനങ്ങളെ രാഷ്ട്രീയ തട്ടിപ്പിന് ഉപയോഗിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അജണ്ട കേരളത്തിൽ വിലപ്പോവില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. പ്രവാസികളുടെയും അന്യസംസ്ഥാനത്തുള്ള മലയാളികളുടെയും തിരിച്ച് വരവിന് സർക്കാർ ഒന്നും ചെയ്യുന്നില്ല. കാർഷിക മേഖലയെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എം . രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സി.വി. കുഞ്ഞികൃഷ്ണൻ, അഡ്വ. സജീവൻ എന്നിവർ സംസാരിച്ചു. കെ.ടി.കെ. അശോകൻ, മൊയ്‌തു കോടികണ്ടി, കെ.എം.അഷ്‌റഫ്, എ.പി. ജയേഷ് എന്നിവർ നേതൃത്വം നൽകി.