കൊയിലാണ്ടി: ഗതാഗത പരിഷ്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാന റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് അനുവദിച്ച 3 കോടി രൂപയുടെ പ്രവൃത്തികൾക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഹെഡ് പോസ്റ്റോഫീസ് മുതൽ പഴയ മാർക്കറ്റ് റോഡുവരെയുള്ള ഓവുചാലുകൾ പുതുക്കി കൈവരിയോടു കൂടി ടൈൽ പാകിയ നടപ്പാത പണിയുന്ന പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി സിഗ്‌നൽ സംവിധാനമടക്കം സ്ഥാപിക്കും. കോടതിക്ക് മുന്നിലെ ചുറ്റുമതിൽ പിറകോട്ട് മാറ്റി പണിയാനും പദ്ധതിയുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റും. നഗരത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ നഗരസഭയുടെ സഹകരണത്തോടെയാണ് പ്രവൃത്തി നടക്കുന്നത്.