കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും ജാഗ്രതയിലാണ് കോർപ്പറേഷന്റെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. മത്സ്യ മാർക്കറ്റുകൾ, അവശ്യ സാധനങ്ങളുടെ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങൾ പരിശോധിച്ച് ഗുണനിലവാരമുള്ള വസ്‌തുക്കൾ ന്യായവിലയ്ക്ക് ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ഈ സ്‌ക്വാഡാണ്.
മീൻ മാർക്കറ്റ്, സൂപ്പർമാർക്കറ്റ് എന്നിവയ്‌ക്കെല്ലാം കൃത്യമായ മാർഗനിർദ്ദേശങ്ങളും നൽകിയിരിക്കുകയാണ്. ഇവ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികളെടുക്കുന്നുണ്ട്. ഹോട്ട് സ്‌പോട്ടുകളിൽ സാമൂഹിക അകലം പാലിക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച വരുത്തുന്നുണ്ടോയെന്നും സ്‌ക്വാഡ് പരിശോധിക്കും. കോർപ്പറേഷൻ സെക്രട്ടറിയുടെയോ, ഹെൽത്ത് ഓഫീസറുടെയോ, ഹെൽത്ത് സൂപ്പർവൈസർമാരുടേയോ നിർദ്ദേശപ്രകാരമാണ് പരിശോധന.
ഹോട്ട് സ്‌പോട്ടുകളിലുൾപ്പെടെ വാഹന പരിശോധനയും നടത്തുന്നുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ സ്ക്വാഡ് അംഗങ്ങൾക്ക് വീട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല. കോർപ്പറേഷൻ അനുവദിച്ച സ്ഥലത്താണ് താമസം.
കൊവിഡ് ബാധിച്ച് മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്ന പ്രവർത്തനത്തിലും സ്‌ക്വാഡ് അംഗങ്ങൾ പങ്കാളികളായിരുന്നു. സി.കെ.വത്സനാണ് സ്‌ക്വാഡിന്റെ ലീഡർ. ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ. പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. ഷമീർ, പി.എസ്. ജെയ്‌സൺ, ബിജു ജയറാം തുടങ്ങിയവരാണ് മറ്റംഗങ്ങൾ.