കൽപ്പറ്റ: ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്ന കാരണം പറഞ്ഞ് ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരമുള്ള സഹായം നിഷേധിച്ച നടപടി അടിയന്തിരമായി തിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കേരള തണ്ണീർതട സംരക്ഷണ നിയമത്തിലും ലാന്റ് യൂട്ടിലൈസേഷൻ ഉത്തരവ് പ്രകാരവും ഇത്തരം ഭൂമികൾക്ക് ഇളവ് നൽകാൻ വ്യവസ്ഥയുള്ള സാഹചര്യത്തിൽ പരാതി ആർ.ഡി.ഒ പരിഗണിച്ച് ഭൂമിയുടെ തരം മാറ്റണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഡാറ്റ ബാങ്ക് എന്ന തരം മാറ്റണമെന്നാണ് നിർദ്ദേശം.
വൈത്തിരി മുട്ടിൽ സ്വദേശിനി സി.സുലൈഖ നൽകിയ പരാതിയിലാണ് നടപടി. 2012 ൽ താൻ ഭൂമി വാങ്ങുമ്പോൾ അത് നികന്ന ഭൂമിയായിരുന്നുവെന്ന് പരാതിക്കാരി അറിയിച്ചു. പിന്നീടാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് മനസിലാക്കിയത്. ഈ ഭൂമിയിൽ ഷെഡ് കെട്ടിയാണ് കൂലിവേല ചെയ്ത് താമസിക്കുന്നത്.
കമ്മീഷൻ മുട്ടിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. പരാതിക്കാരി ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെങ്കിലും അവരുടെ കൈവശ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ ഭൂമിയുടെ തരം മാറ്റിയാൽ മാത്രമേ സഹായം അനുവദിക്കാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാനന്തവാടി ആർ.ഡി.ഒക്ക് അപേക്ഷ നൽകാൻ പരാതിക്കാരിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുഞ്ഞു. ഭൂമിയുടെ തരം മാറ്റാൻ പരാതിക്കാരി മുട്ടിൽ കൃഷി ഓഫീസർക്ക് പരാതി നൽകണമെന്നു കമ്മീഷൻ നിർദ്ദേശിച്ചു.