കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി. ബഹ്‌റിനിൽ നിന്ന് മേയ് 12 ന് കരിപ്പൂർ എയർപോർട്ടിൽ എത്തിയ 37 കാരനായ വടകര സ്വദേശിയ്ക്കാണ് രോഗബാധ.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് യുവാവിനെ നേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. ചികിത്സയിൽ കഴിയുന്ന മറ്റൊരു രോഗി മലപ്പുറം സ്വദേശിയാണ്.
ജില്ലയിൽ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 25 ആയി. ഇതിൽ 24 പേരും രോഗമുക്തരായി ആശുപത്രി വിട്ടതാണ്.
ഇന്നലെ 59 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2518 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2389 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2357 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 129 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 388 പേർ ഉൾപ്പെടെ 3871 പേർ ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളതായി ഡി.എം.ഒ ഡോ. ജയശ്രീ വി. അറിയിച്ചു. 277 പ്രവാസികൾ ഇതിലുൾപ്പെടും. ഇതിൽ 123 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 149 പേർ വീടുകളിലുമാണ്. അഞ്ചു പേർ ആശുപത്രിയിലും. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 40 പേർ ഗർഭിണികളാണ്.
ഇതിനകം 23,173 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ വന്ന 13 പേർ ഉൾപ്പെടെ 24 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. നാലു പേരെ കൂടി ഡിസ്ചാർജ്ജ് ചെയ്തു.
ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൊവിഡ് കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി.
1.നിരീക്ഷണത്തിലുള്ള പ്രവാസികൾ 277
2.കൊവിഡ് സെന്ററുകളിൽ 123
3.വീടുകളിൽ 149