kodiyathur

കൊടിയത്തൂർ: ചെറുവാടി പുഞ്ചപ്പാടത്ത് നിന്ന് അദ്ധ്യാപക - ജീവനക്കാരുടെ കൂട്ടായ്മ വിളവെടുത്ത നാലു ടൺ നെല്ല് ഇതാ അരിയും അവിലുമൊക്കെയായി വിപണിയിലേക്ക്. വിഷരഹിത ഭക്ഷ്യധാന്യം പരമാവധി ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 'നമ്മളും പാടത്തേക്ക് ' പദ്ധതിയുടെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറക്കിയതായിരുന്നു കൃഷി. മൂന്നേക്കറിൽ വിളയിച്ചെടുത്ത വിഷരഹിത നെല്ലിൽ നിന്നുള്ള പുഴുങ്ങലരി, ഉണങ്ങലരി, അവൽ തുടങ്ങിയവയുടെ വിതരണത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല വിതരണോദ്ഘാടനം നിർവഹിച്ചു.

തരിശുരഹിത കൊടിയത്തൂർ എന്ന ലക്ഷ്യവുമായി നീങ്ങുന്ന ഗ്രാമപഞ്ചായത്തിനൊപ്പം നിന്നാണ്

'നമ്മളും പാടത്തേക്ക് ' പദ്ധതിയ്ക്ക് ഇവിടെ തുടക്കമിട്ടത്. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും കൊടിയത്തൂർ കൃഷിഭവനിൽ നിന്നുമായി ശേഖരിച്ച പ്രായക്കുറവുള്ള ഉപയോഗിച്ചായിരുന്നു കൃഷി. പ്രവൃത്തിദിനങ്ങളിൽ അതിരാവിലെയും വൈകുന്നേരങ്ങളിലുമായും അവധി ദിനങ്ങളിൽ പകൽനേരത്തും പുതുകർഷകർ പാടത്ത് സമയം കണ്ടെത്തുകയായിരുന്നു.

വിത്തിടലിനു ശേഷം ഞാറ്റടി തയ്യാറാക്കൽ, നിലമൊരുക്കൽ, കളപറിക്കൽ, വളം ചെയ്യൽ തുടങ്ങി ദൈനംദിന പരിപാലനമടക്കമുള്ള പ്രവർത്തനങ്ങൾ വിവിധ വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് നടത്തിയത്. എ.അനിൽകുമാർ, ഷമേജ് പന്നിക്കോട്, ചന്ദ്രൻ കാരാളിപറമ്പ്, സിനു കുളങ്ങര, ഉണ്ണികൃഷ്ണൻ കോട്ടമ്മൽ, ഹാഫിസ് ചേറ്റൂർ, വിജീഷ് കവിലട, അനുരാജ്, ബഷീർ നെച്ചിക്കാട്, ഷെല്ലി ജോൺ, അബ്‌ദുസമദ്, രമ്യ സുമോദ്, മജീദ് എള്ളങ്ങൽ, സജ്‌ന കാരക്കുറ്റി എന്നിവരായിരുന്നു വർക്കിംഗ് ഗ്രൂപ്പുകളുടെ മുൻനിരയിൽ.

കൃഷി വകുപ്പ് ജീവനക്കാരനായ മുഹമ്മദ് പന്നിക്കോടാണ് വിത്തിടൽ മുതൽ കൊയ്‌തെടുക്കൽ വരെയുള്ള ഘട്ടങ്ങളിൽ ഈ പുതുകർഷകർക്ക് പരിശീലനം നൽകിയത്. ഉത്സവാന്തരീക്ഷത്തിലായിരുന്നു പദ്ധതിയുടെ നടീൽ ഉത്സവം.
കൊടിയത്തൂർ കൃഷി ഓഫീസർ ടി.ഫെബിദ, പാടശേഖര സമിതി പ്രസിഡന്റ് കെ.സി മമ്മദ് കുട്ടി തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്. കാർഷിക രംഗത്തെ ഈ പുതു പ്രവർത്തനങ്ങൾക്ക് എഫ്.എസ്.ഇ.ടി.ഒപഞ്ചായത്ത് കൺവീനർ പി.പി. അസ് ലം, ചെയർമാൻ നസീർ മണക്കാടിയിൽ എന്നിവർ നേതൃത്വം നൽകി.

ഉദ്ഘാടനച്ചടങ്ങിൽ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന് വേണ്ടി ഏരിയാ സെക്രട്ടറി ഡോ.ദിജേഷ് ഉണ്ണികൃഷ്ണൻ, കേരള എൻ.ജി.ഒ യൂണിയന് വേണ്ടി ഏരിയാ സെക്രട്ടറി ലിനീഷ് നെല്ലൂളിമീത്തൽ, കെ.എസ്.ടി.എ ക്ക് വേണ്ടി സബ് ജില്ലാ പ്രസിഡന്റ് പി. മനോജ് തുടങ്ങിയവർ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. പി.എസ്. പ്രശാന്ത്, പി.സി.മുജീബ്, പി.രാഘവൻ എന്നിവർ പങ്കെടുത്തു.

1. കൃഷിയിറക്കിയത് മൂന്നേക്കർ പുഞ്ചപ്പാടത്ത്

2. വിത്തിനങ്ങൾ ഉമ, അന്നപൂർണ

3. വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് പരിപാലനം