ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ 13

കൽപ്പറ്റ: ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തി രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.

മാനന്തവാടി സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ കണ്ണൂർ സ്വദേശിയും ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. മൂന്ന് പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
കൊവിഡ് പ്രതരോധത്തിന്റെ ഭാഗമായി ജില്ലയിൽ 174 പേർ കൂടി നിരീക്ഷണത്തിൽ. നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1970 ആണ്. ഇതിൽ കൊവിഡ് സ്ഥിരീകരിച്ച 8 പേർ അടക്കം 17 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 225 പേർ ബുധനാഴ്ച്ച നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. ജില്ലയിൽ നിന്ന് ഇതുവരെ പരശോധനയ്ക്ക് അയച്ച 829 സാമ്പിളുകളിൽ 689 ആളുകളുടെ ഫലം ലഭിച്ചു. 678 എണ്ണം നെഗറ്റീവാണ്. 135 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2986 വാഹനങ്ങളിലായി എത്തിയ 5423 ആളുകളെ സ്‌ക്രീനിങ്ങിന് വധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.