കൊല്ലങ്കോട്: അവൾ പോയിക്കഴിഞ്ഞു എന്നന്നേക്കുമായി, ഇനിയില്ല ആ ജീവനവിടെ... എന്നും ഒപ്പമുണ്ടാകുമെന്ന വാക്കുതെറ്റിച്ച് ഗീത മടങ്ങി. അങ്ങകലെയൊരു ആശുപത്രിയുടെ മോർച്ചറയിൽ തണുത്തുവിറച്ചുറങ്ങുന്ന തന്റെ പ്രിയതമയെ ഒരുനോക്ക് കാണാനായി നാട്ടിലെത്താനാകാതെ ഹൃദയംതകർന്നുനിൽക്കുന്ന വിജയകുമാറിന്റെ ചിത്രം ഒരു നാടിന്റെയാകെ കണ്ണുനനയിക്കുന്നു.
പാലക്കാട്, ആനമാറി വാടുകമ്പാടം സ്വദേശിയായ പ്രവാസി വിജയകുമാറിന്റെ ഭാര്യ ഗീത (40) ശനിയാഴ്ചയാണ് ഹൃദയാഘാതംമൂലം മരിച്ചത്. കഴിഞ്ഞ 18വർഷമായി ജീവിതത്തിൽ താങ്ങുംതണലുമായി നിന്ന ഭാര്യയുടെ മരണവാർത്തയറിഞ്ഞതു മുതൽ ദുബായിൽ നിന്ന് നാട്ടിലേക്കുവരാനായി വിജയകുമാർ മുട്ടാത്ത വാതിലുകളില്ല. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും നൂലാമാലകളും പക്ഷേ, വിജയകുമാറിനെ വലിച്ചുകെട്ടി അതിർത്തിക്കപ്പുറും നിറുത്തിയിരിക്കുകയാണ്. നിസഹായനാണയാൾ.
കേന്ദ്രമന്ത്രി വി.മുരളീധരന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസിലൂടെ യു.എ.ഇയിലെ എംബസിയിലും മറ്റ് കേന്ദ്രങ്ങളിലും ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നിന്നും നാട്ടിലേക്കു വന്ന വിമാനങ്ങളിൽ ഏതെങ്കിലും ഒരു യാത്രക്കാരൻ യാത്ര ഒഴിവാക്കിയിരുന്നെങ്കിൽ വിജയകുമാർ ഇപ്പോൾ നാട്ടിലെത്തിയേനെ. പക്ഷേ, അതുണ്ടായില്ല. രണ്ടുദിവസം ദുബായ് വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും നിരാശയോടെ മടങ്ങേണ്ടിവന്നു.
17ന് വൈകീട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന വിമാനത്തിൽ ടിക്കറ്റ് നൽകാമെന്ന് ഇന്ത്യൻ എംബസി ഉറപ്പ് നൽകിയതായാണ് അറിയുന്നത്. വിജയകുമാറിന്റെ വരവിനായി ഗീതയുടെ ചേതനയറ്റ ശരീരവുമായി ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ് കണ്ണീരോടെ.
2002ലാണ് നെന്മാറ ചേരാമംഗലം സ്വദേശിയായ ഗീതയെ വിജയകുമാർ വിവാഹംകഴിച്ചത്. മക്കളില്ല. ഇലക്ട്രീഷനായ വിജയകുമാർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ദുബായിൽ ജോലി ചെയ്യുന്നു. സ്വന്തമായൊരു വീടെന്ന ഒരുമിച്ചുകണ്ട സ്വപ്നം പാതിയാക്കിയാണ് വിജയകുമാറിന്റെ മറുപാതി യാത്രയായത്.
ഫോട്ടോ: 1ഗീത 2. വിജയകുമാർ