sivapriya

കുറ്റ്യാടി: കൊവിഡ് അടച്ചുപൂട്ടലിൽ വെറുതെയിരിക്കാതെ മരുന്നു കവറുകൾ തയ്യാറാക്കി നാടിന്റെ കരുതലിനൊപ്പം ചേരുകയാണ് നിട്ടൂർ എൽ.പി സ്‌കൂളിലെ മൂന്നാംക്ലാസുകാരി എസ്.ശിവപ്രിയ. ലോക്ക് ഡൗണായതിനാൽ പഴയ നോട്ട് ബുക്കിലെ കടലാസുകൾ ഉപയോഗിച്ചായിരുന്നു തുടക്കം. കടകൾ തുറന്നതോടെ ന്യൂസ് പ്രിന്റിലായി കവർ നിർമ്മാണം. ശിവപ്രിയ നിർമ്മിച്ച 1200 ഓളം മരുന്നുകവറുകളാണ് കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിക്ക് കൈമാറിയത്. യൂ ട്യൂബിൽ നോക്കിയായിരുന്നു കവർ നിർമ്മാണം. അടച്ചുപൂട്ടൽ കാരണം സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നുകവറുകൾക്ക് ക്ഷാമം എന്ന വാർത്തയാണ് ശിവപ്രിയയ്ക്ക് പ്രേരണയായത്. സ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.വി.സുധ, ക്ലാസ് ടീച്ചർ പി.പി.ദിനേശൻ, സഹോദരി കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർത്ഥിനി സ്നേഹപ്രിയ, അമ്മ സുഗിത എന്നിവരുടെ പ്രോത്സാഹനം കൂടിയായപ്പോൾ കവർ നിർമ്മാണം പഠനപ്രവർത്തനംപോലെ ഏറ്റെടുത്തു. സഹോദരി സ്‌നേഹപ്രിയയും അടച്ചു പൂട്ടൽ കാലത്ത് പാഴ്വവസ്തുക്കളിൽ നിരവധി അലങ്കാരങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ ശിവപ്രിയയിൽ നിന്ന് മരുന്നുകവറുകൾ ഏറ്റുവാങ്ങി .ആശുപത്രി ആർ.എം.ഒ ഡോ.പി.കെ.ഷാജഹാൻ, ഡോ.നിർമ്മൽ, എസ്.ജെ.സജീവ് കുമാർ, പി.പി.ദിനേശൻ, സുഗിത, സ്‌നേഹപ്രിയ തുടങ്ങിയവർ പങ്കെടുത്തു.