സുൽത്താൻ ബത്തേരി: കർണാടകയിലെ താമസസ്ഥലമായ ഗുണ്ടൽപേട്ടക്കടുത്ത ഗുഡഹള്ളിയിലേക്ക് അതിർത്തി കടന്ന് നടന്നുപോകാൻ ശ്രമിച്ച ഏഴ് പേരെ ബത്തേരി പൊലീസ് പിടികൂടി. വടുവൻചാലിലെ പണിസ്ഥലത്ത് നിന്ന് രണ്ട് വയസുള്ള കുട്ടിയേയും കൊണ്ട് കാൽനടയായാണ് ഇവർ മുത്തങ്ങക്കടുത്ത 64-ൽ എത്തിയത്.
റോഡിലൂടെ നടന്ന്‌പോകുന്ന ഇവരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പാസില്ലാത്തതിനാൽ ഗുഡഹള്ളിയിലേക്ക് നടന്നുപോകുകയാണെന്ന് അറിയിച്ചത്. പൊലീസ് ഇവരെ അടുത്ത കേന്ദ്രത്തിലെത്തിച്ച് പാസ് ലഭിക്കുന്നതിന്‌വേണ്ട നടപടികൾ സ്വീകരിച്ചു.
വടുവൻചാലിലെ ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ തൊഴിലാളികളാണ് ഇവർ. മൂന്ന് മാസം മുമ്പാണ് തോട്ടത്തിൽ ജോലിക്കെത്തിയത്. നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെയണ് ലോക്ഡൗൺ ആരംഭിച്ചത്. നാട്ടിലെത്താൻ പാസ് എങ്ങിനെ നേടാമെന്ന് അറിയാത്തതിനാൽ കാൽനടയായി അതിർത്തി കടന്ന്‌പോകാമെന്ന് തീരുമാനിക്കുകയായിരുന്നു.
മഹദേവ (52), നാഗമല്ല (48), മാധവ് (37), ഇവരുടെ ഭാര്യമാരായ ലിങ്കമ്മ (45), നാഗമല്ലമ്മ (40), ഇന്ദ്രരാജമ്മ(28), ഇവരുടെ മകൾ നിത്യ (2) എന്നിവരാണ് കിലോമീറ്ററുകൾ താണ്ടി 64-ൽ എത്തിയത്.
പൊലീസ് ഇവർക്ക് ഭക്ഷണവും മറ്റും സൗകര്യങ്ങളും നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ എത്തികൊണ്ടിരിക്കുന്നതുപോലെ തന്നെ ഇവിടെനിന്ന് അന്യ സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് എത്തുന്നതിന്‌വേണ്ടി അതിർത്തികളിൽ എത്തികൊണ്ടിരിക്കുന്നുമുണ്ട്.
ഫോട്ടോ
വടുവൻചാലിൽ നിന്ന് കാൽനടയായി ഗുണ്ടൽപേട്ടയിലേക്ക് പോകാനെത്തിയ സംഘത്തെ മുത്തങ്ങക്കടുത്ത 64-ൽ പൊലീസ് തടഞ്ഞുവെച്ചപ്പോൾ.