മുക്കം: ക്വാറന്റൈനിൽ കഴിയുന്നതിനിടെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങി സഞ്ചരിച്ച യുവാവിനെതിരെ കേസ്. മുക്കം വല്ലാത്തായിപ്പാറയിലെ തേക്കുംതോട്ടത്തിൽ ഷിനുരാജിന്റെ (35) പേരിലാണ് മുക്കം പൊലീസ് കേസെടുത്തത്.
ഗോവ എയർപോർട്ടിൽ ജീവനക്കാരനായ ഷിനുരാജ് കഴിഞ്ഞ ആറിനാണ് വീട്ടിലെത്തിയത്. തുടർന്നു ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ക്വാറന്റൈനിലായി. അതിനിടെ, യുവാവ് പുതുപ്പാടിയിൽ ഭാര്യവീട്ടിലെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്നു എസ് ഐ വി.കെ.റസാഖിന്റെ നേതൃത്വത്തിൽ ബീറ്റ് പൊലീസ് ഉദ്യോഗസ്ഥൻ സുനിലുൾപ്പെടെ ഷിനുരാജിന്റെ വീട്ടിലെത്തിയതോടെ ആൾ അവിടെയില്ലെന്നു സ്ഥിരീകരിക്കുകയായിരുന്നു.
ക്വാറന്റൈൻ വിലക്ക് ലംഘിച്ചതിന് മൂന്നു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പ് അനുസരിച്ചാണ് കേസ്. ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മഫ്ടി പൊലീസിനെയടക്കം നിയമിച്ചിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു.