ബാലുശ്ശേരി: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആസൂത്രണംചെയ്ത സുഭിക്ഷകേരളം പദ്ധതിയിൽ അണിചേർന്ന് പനങ്ങാട് ഗ്രാമപഞ്ചായത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിപ്പിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കൽ, കരനെൽകൃഷി, ഇടവിളകൃഷി പ്രോത്സാഹനം, ഫലവൃക്ഷത്തൈ വ്യാപനം, മത്സ്യകൃഷി പ്രോത്സാഹനം, പശുവളർത്തൽ, മുട്ടക്കോഴി വളർത്തൽ, ഗൃഹാങ്കണ പച്ചക്കറി കൃഷി, ഹരിതഭവനം പദ്ധതി,സംയോജിത കൃഷി വ്യാപനം, കുടുംബശ്രീ ഗ്രൂപ്പ് കൃഷി, എന്നിവ കൃഷിവകുപ്പുമായി സഹകരിച്ചും സഹകരണ ബാങ്ക് സഹായത്തോടെ കോഴിയും കൂടും പദ്ധതി , പലിശ രഹിത കാർഷിക സ്വർണ വായ്പ, ഹ്രസ്വകാല-ദീർഘകാല ലോണുകൾ എന്നിവയും നടപ്പിലാക്കും. പാടശേഖരസമിതി ഭാരവാഹികൾ, ഹരിതസേനാംഗങ്ങൾ,എന്നിവർ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, സെക്രട്ടറി മുഹമ്മദ് ലുക്മാൻ, കൃഷി ഓഫീസർ മനോജ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.