supplyco

കോഴിക്കോട്: ലോക്ക് ഡൗണിൽ ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിൽ സി.ഡി.എയുടെയും വേങ്ങേരിയിൽ കാർഷിക വിപണന സംഭരണ കേന്ദ്രത്തിന്റെയും ഗോഡൗണുകൾ സപ്ലൈകോ ഏറ്റെടുത്ത് സംഭരണം തുടങ്ങി. ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം പൊലീസ് സംരക്ഷണയിലാണ് ഗോഡൗണുകൾ ഏറ്റെടുത്തത്. ഉത്തരമേഖലാ ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ വി.വി.സുനില, ജില്ലാ സപ്ലൈ ഓഫീസർ എം.വി. ശിവകാമി അമ്മാൾ, സപ്ലൈകോ റീജിയണൽ മാനേജർ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കൽ.

ഭക്ഷ്യധാന്യം സംഭരിക്കുന്നതിന് നിലവിലുള്ള ഗോഡൗണുകൾ അപര്യാപ്‌തമായ സാഹചര്യത്തിലാണിത്. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ 213 റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഇപ്പോൾ എത്തുന്നത് വെള്ളയിലെ അശാസ്ത്രീയ ഗോഡൗണിലാണ്. ഇവിടെയുള്ള തൊഴിലാളികളുടെ എതിർപ്പായിരുന്നു പുതിയ ഗോഡൗണുകൾ ഏറ്റെടുക്കാൻ തടസമായിരുന്നത്. വേങ്ങേരിയിലെയും ബേപ്പൂരിലേയും ഗോഡൗണുകൾ സർക്കാരിന്റേതാണ്. സിറ്റി റേഷനിംഗ് ഓഫീസ് സൗത്തിനു കീഴിലുള്ള 88 റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്നതിന് ബേപ്പൂരിലെ ഗോഡൗണും കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള കടകളിലെ വിതരണത്തിനായി വേങ്ങേരിയിലെ ഗോഡൗണും ഉപയോഗിക്കും.