കോഴിക്കോട്: പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ആത്മനിർഭർ ഭാരത്" പദ്ധതികൾ ലോക്ക് ഡൗണിൽ അടച്ചിട്ട ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്ക് കരുത്തേകുമെന്ന് മലബാർ ചേംബർ പ്രസിഡന്റ് എം. ശ്യാംസുന്ദർ, സെക്രട്ടറി കെ.കെ. മനു എന്നിവർ പറഞ്ഞു. മൂലധനനിക്ഷേപത്തിന് 50000 കോടി നൽകാനുള്ള തീരുമാനം മടങ്ങിവരുന്ന പ്രവാസികൾക്ക് ഉപയോഗപ്പെടുത്താം. പി.എഫിലേക്ക് അടയ്‌ക്കേണ്ട തുക കുറച്ചതും, മൂന്ന് മാസത്തേക്കുള്ളതു കൂടി സർക്കാർ നൽകുന്നതും ഉചിതമാണ്. 200 കോടി വരെയുള്ള കരാറുകൾക്ക് ആഗോള ടെണ്ടർ വേണ്ടെന്ന തീരുമാനം റിയൽ എസ്റ്റേറ്റ് മേഖലയ്‌ക്കും രജിസ്റ്ററേഷൻ സമയം നീട്ടിയതും വ്യവസായ അനുബന്ധമേഖലകളെ പരിപോഷിപ്പിക്കും. ഈടില്ലാത്ത വായ്പയും ടി.ഡി.എസ്, ടി.സി.എസ് എന്നിവയിൽ കുറവ് വരുത്തിയതും ചെറുകിടക്കാർക്ക് ഗുണകരമാകും.