കൽപ്പറ്റ: കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് പ്രത്യേക നിക്ഷേപ പദ്ധതി പ്രകാരം 658 കോടി രൂപ ലഭ്യമാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. തുരങ്കപാത നിർമ്മാണത്തിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിനും ടേൺ കീ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നതിനും കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് സമർപ്പിച്ച പ്രോജക്ട് പ്രൊപ്പോസൽ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയതെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.
കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ താമരശ്ശേരി ചുരത്തിൽ മഴ മൂലവും മറ്റും അടിക്കടിയുണ്ടാകുന്ന ഗതാഗതതടസ്സം കാരണം വയനാട് ജില്ല ഒറ്റപ്പെടുന്ന സാഹചര്യമാണ്. 2018ലും 2019 ലും പ്രളയം മൂലം ദിവസങ്ങളോളം വാഹന ഗതാഗതം നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ഈ സ്ഥിതിക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.