പാലക്കാട്: അതിർത്തിയിലെത്തിയ മലയാളികൾക്ക് സംസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് പ്രതിഷേധ സമരം നടത്തിയ എം.പി.മാരായ വി.കെ.ശ്രീകണ്ഠൻ, ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എ.മാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. ചെന്നൈയിൽ നിന്ന് വാളയാർ വഴിയെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി സമ്പർക്കമുണ്ടാകാനുള്ള സാദ്ധ്യതയുടെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ.യുടെ നേതൃത്വത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരടക്കം സ്ഥലത്തുണ്ടായിരുന്ന 400ഓളം പേരും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
മേയ് ഒമ്പതിന് രാവിലെ പത്തിനാണ് മലപ്പുറം സ്വദേശിയടക്കം ഒമ്പതുപേർ സ്വകാര്യ വാഹനത്തിൽ പാസില്ലാതെ ചെന്നൈയിൽ നിന്ന് വാളയാറിലെത്തിയത്. തുടർന്ന് രാത്രി പത്തുവരെ അതിർത്തിയിൽ കാത്തുനിന്നു. ഛർദ്ദിച്ച് അവശാനയതിനെ തുടർന്ന് പത്തരയോടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയും സ്രവം പരിശോധനയ്ക്കെടുക്കുകയും ചെയ്തു. 12ന് കൊവിഡ് സ്ഥിരീകരിച്ചു.
ഒമ്പതിന് വൈകിട്ടാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാളയാറിൽ പ്രതിഷേധ സമരം നടന്നത്. അഞ്ച് ഡിവൈ.എസ്.പി.മാർ, കോയമ്പത്തൂർ ആർ.ഡി.ഒ തുടങ്ങിയവരും 100 പൊലീസുകാരും 50 മാദ്ധ്യമ പ്രവർത്തകരും നിരീക്ഷണത്തിലുണ്ട്. ജനപ്രതിനിധികളും പൊലീസുകാരും മാദ്ധ്യമ പ്രവർത്തകരും ലോ റിസ്ക് കാറ്റഗറിയിലാണ്. കൊവിഡ് ബാധിച്ചയാൾക്കൊപ്പം വന്നവരും പരിചരിച്ച ആരോഗ്യപ്രവർത്തകും ഹൈ റിസ്ക് കാറ്റഗറിയിലാണ്. നിരീക്ഷണത്തിനിടെ ലക്ഷണം കണ്ടാൽ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണം പൂർത്തിയാക്കിയവർക്ക് ലക്ഷണമില്ലെങ്കിലും പരിശോധന നിർബന്ധമാണ്.