നിരീക്ഷണത്തിൽ 87 പേർ കൂടി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 87 പേർ കൂടി നിരീക്ഷണത്തിൽ. നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1956 ആണ്. ഇതിൽ കോവിഡ് സ്ഥിരീകരിച്ച 10 പേർ അടക്കം 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 101 പേർ വ്യാഴാഴ്ച്ച നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 871 സാമ്പിളുകളിൽ 749 ആളുകളുടെ ഫലം ലഭിച്ചു. 736 എണ്ണം നെഗറ്റീവാണ്. 117 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ ജില്ലയിൽ നിന്നും 58 സെന്റിനൽ സാമ്പിളുകൾ കൂടി വ്യാഴാഴ്ച്ച പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 998 സെന്റിനൽ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 792 എണ്ണം നെഗറ്റീവാണ്. 206 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 3240 വാഹനങ്ങളിലായി എത്തിയ 5654 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
പൊതുജനങ്ങൾക്ക് പ്രവേശനമില്ല
കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എടവക ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന് സെക്രട്ടറി അറിയിച്ചു.
യോഗങ്ങൾ വീഡിയോ കോൺഫറൻസ് വഴി മാത്രം
കൽപ്പറ്റ: ജില്ലയിലെ വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന മുഴുവൻ മീറ്റിംഗുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വീഡിയോ കോൺഫറൻസ് വഴി മാത്രമെ നടത്താൻ പാടുള്ളുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു.സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി.
വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പ്രവേശനം നൽകും
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നു് വയനാട് ജില്ലയിലേക്കും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വിവിധ പരീക്ഷകൾ എഴുതുന്നതിനായി പോകേണ്ട വിദ്യാർത്ഥികൾ Covid19jagratha.kerala.nic.in പോർട്ടൽ വഴി എമർജൻസി പാസിന് രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ പാസിന് അപേക്ഷിക്കുമ്പോൾ ഉദ്ദേശ ലക്ഷ്യമായി 'To write examination' എന്ന് നിർബന്ധമായി കാണിച്ചിരിക്കണം. അതിർത്തിയിലെ പരിശോധന കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ അഡ്മിഷൻ ടിക്കറ്റോ ഐ.ഡി. കാർഡോ കാണിച്ചാൽ മതിയാകും. കൂടാതെ വിദ്യാർത്ഥികൾ ഉദ്ദേശ ലക്ഷ്യവും ജാഗ്രതാ പോർട്ടൽ രജിസ്‌ട്രേഷൻ നമ്പറും വ്യക്തമാക്കിയുള്ള സത്യവാങ്മൂലവും കരുതേണ്ടതാണ്. അടുത്ത ആഴ്ച മുതൽ വിവിധ പരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.