കൽപ്പറ്റ: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാനന്തവാടി നഗരസഭയിൽ ആദ്യം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകനും മരുമകനും പുറമേ ഒരു പൊലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.
ജില്ലയിൽ നിന്ന് 331 പൊലീസുകാരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൊത്തം പൊലീസുകാരുടെ എണ്ണത്തിന്റെ മുപ്പത് ശതമാനം വരുമിത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സാമ്പിളുകൾ ശേഖരിച്ച ജില്ലകളിൽ ഒന്നാണ് വയനാടെന്നും ജില്ലാ കളക്ടർ പറഞ്ഞു. അതിർത്തി ജില്ലയെന്ന നിലയിൽ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
മുത്തങ്ങയിൽ ഇന്ന് മുതൽ ആയിരം പേർക്ക് പ്രവേശനം
മുത്തങ്ങയിൽ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ച സാഹചര്യത്തിൽ വെളളിയാഴ്ച്ച മുതൽ ആയിരം പേർക്ക് പ്രവേശനം നൽകും. നിലവിൽ എണ്ണൂറ് പേർക്കാണ് നിലവിൽ പ്രവേശനം നൽകുന്നത്. വിദൂര തിയ്യതികളിൽ യാത്ര അനുവദിച്ചവർക്ക് ആവശ്യമെങ്കിൽ നേരത്തെ ചെയ്ത രജിസ്‌ട്രേഷൻ റദ്ദാക്കി പുതിയ തിയ്യതിക്കായി അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേരും എത്താത്ത സാഹചര്യമാണ് ചെക്ക്‌പോസ്റ്റിലുളളതെന്നും അവർ പറഞ്ഞു.