mask

കോഴിക്കോട്: അമ്പതു ദിവസങ്ങൾക്കു മുമ്പുവരെ നഗരത്തിലെ ഉന്തുവണ്ടികളിൽ മാങ്ങയും മുന്തിരിയും ഓറഞ്ചുമായിരുന്നു. കൊവിഡ്, കച്ചവടത്തിന്റെ സ്റ്റൈലും മാറ്റി. നിറയെ നിരത്തിവച്ചിരിക്കുന്നത് മാസ്കുകളാണ്!. സീസണനുസരിച്ച് ഉന്തുവണ്ടികളിലെ ഫ്രൂട്സുകൾ മാറും. വേനലിൽ മാങ്ങ, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പഴവർഗ്ഗങ്ങളും പച്ചക്കറികളും. മഴയാകുന്നതോടെ കുടകളും മറ്റും. കൊവിഡും ലോക്ക് ഡൗണും ഉന്തുവണ്ടികളുടെ ചക്രവും നിശ്ചലമാക്കിയപ്പോൾ ജീവിക്കാനുള്ള വക തേടി മാസ്ക് വിൽപ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ് ഇവർ. നഗരത്തിലെ മിക്ക ഉന്തുവണ്ടികളിലും പല നിറത്തിലും രൂപത്തിലുമുള്ള മാസ്കുകളാണ്. വ്യത്യസ്ത വലിപ്പത്തിലുള്ള തൂവാലകളും കൈയുറകളും വിൽപ്പനയ്ക്കുണ്ട്. 20 രൂപ മുതലാണ് മാസ്‌കുകളുടെ വില. 40 രൂപയാണ് കൈയുറകൾക്ക് വില. 25 രൂപ മുതൽ തൂവാലയും ലഭിക്കും. വലുപ്പത്തിനും ഡിസൈനിനും അനുസരിച്ച് വിലയിൽ മാറ്റം വരും. ഉന്തുവണ്ടി കച്ചവടക്കാരനായ നാസർ രണ്ടാഴ്ച മുമ്പാണ് മാസ്ക് വിൽപ്പന തുടങ്ങിയത്. മുമ്പ് പച്ചക്കറികളും പഴങ്ങളുമായിരുന്നു കച്ചവടം. ലോക്ക് ഡൗണിൽ കച്ചവടം പകുതിയായി കുറഞ്ഞതോടെ മാസ്ക് വിൽക്കാനാണ് നഗരത്തിലെത്തുന്നത്. ഉന്തുവണ്ടികളിൽ മാത്രമല്ല തെരുവുകളിലും സൂപ്പർ മാർക്കറ്റുകളിലും സ്‌റ്റേഷനറി കടകളിലും മാസ്കാണ് താരം. കൈയിലെടുത്തും മുഖത്തണിഞ്ഞും നോക്കി വാങ്ങുന്ന രീതി ആരോഗ്യ ഭീഷണിയും ഉയർത്തുന്നുണ്ട്.