കൽപ്പറ്റ: പൊലീസും ആരോഗ്യപ്രവർത്തകരും ദയനീയമായി ചോദിച്ചിട്ടും കൊവിഡ് ബാധിച്ച കമ്മനയിലെ ആ ഇരുപതുകാരൻ പൂർണമായും മനസ് തുറന്നില്ല. ദിവസങ്ങൾക്ക് ശേഷം ഇയാൾ ഇന്നലെ നൽകിയ വിവരം വെച്ച് തയ്യാറാക്കിയ റൂട്ട് മാപ്പ് പരിപൂർണമല്ലെന്ന് അധികൃതർക്ക് നന്നായി അറിയാം.
കുറ്റമറ്റ മാപ്പ് തയ്യാറാക്കാൻ മണിക്കൂറുകൾ നീണ്ട ശ്രമമായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പൊലീസുകാരും ആരോഗ്യ വകുപ്പ് അധികൃതരുമെല്ലാം ചേർന്ന് യുവാവിനോട് കെഞ്ചുകയായിരുന്നു റൂട്ട് നൂറു ശതമാനമാക്കാൻ. എന്നാൽ പലതരത്തിലും ഇയാൾ വഴിയിൽ നിന്നു ഒഴിഞ്ഞുമാറുകയായിരുന്നു.
ഏപ്രിൽ 24 മുതൽ മേയ് ഒൻപതിന് ജില്ലാ ആശുപത്രിയിലെ കൊവിഡ് സെന്ററിൽ പ്രവേശിപ്പിക്കുന്നതു വരെ എവിടെയെല്ലാം എത്തിയെന്നതിന് മിക്കപ്പോഴും തപ്പിക്കളിച്ചായിരുന്നു പ്രതികരണം. പറഞ്ഞതിനേക്കാൾ പറയാൻ ബാക്കിവെച്ചതാണോ കൂടുതൽ എന്ന സംശയമില്ലാതില്ല അധികൃതർക്ക്.
കാറിലും ബൈക്കിലും ഒാട്ടോറിക്ഷയിലുമൊക്കെയായിരുന്നു യാത്ര. കൃഷിഭൂമിയിലും പോയിരുന്നു. മൂന്നു തവണ പൂളക്കൽ ഷോപ്പിലും ഒരു തവണ വിൻസെന്റ് ഗിരിയിലെ ആശുപത്രിയിലും എത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ മൂന്നു തവണയാണ് ചെന്നത്. ഇതിൽ ഡിവൈ.എസ്.പി ഒാഫീസും ഉൾപ്പെടും. പൊലീസുകാരനിൽ നിന്നാണ് തനിക്ക് രോഗം ബാധിച്ചതെന്ന വാദമാണ് യുവാവിന്റേത്.
കൊവിഡ് ബാധിച്ച ട്രക്ക് ക്ളീനറുടെ മകനും യുവാവും സുഹൃത്തുക്കളാണ്. നിലമ്പൂരിലെ ഹോട്ടൽ ജീവനക്കാരാണ് ഇരുവരും. ജനുവരി 23 വരെ ഇവർ ഒരുമിച്ചുണ്ടായിരുന്നു. ഫോൺ പരിശോധിച്ചതോടെയാണ് ഇവർ തമ്മിലുള്ള സംഭാഷണ വിവരം അറിയുന്നത്.
ക്ളീനറുടെ മകൻ രോഗം ബാധിച്ച് ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് താൻ കണ്ടതെന്ന് ട്രക്ക് ഡ്രൈവർ പറയുന്നു. ക്ളീനറുടെ മകനെയും കമ്മനയിലെ യുവാവിനെയും ചോദ്യം ചെയ്താൽ എല്ലാം വ്യക്തമാകുമെന്നും ഇയാൾ ആണയിടുന്നു. മാനന്തവാടിയിൽ പൊലീസുകാർക്ക് കൊവിഡ് എങ്ങനെ ബാധിച്ചെന്നത് ജില്ലാ ഭരണകൂടത്തെ വല്ലാതെ കുഴക്കുകയാണ്.