കൽപ്പറ്റ: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചനിലയിലാണെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. തുടക്കംമുതൽ അതീവ ജാഗ്രതയാണ് സർക്കാരും ജില്ലാ ഭരണസംവിധാനവും ആരോഗ്യവകുപ്പും പൊലീസും പുലർത്തുന്നത്. വിദേശത്തുനിന്ന് ആദ്യമെത്തിയ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചശേഷം ഒരുമാസം പോസിറ്റീവ് കേസുകൾ ഇല്ലായിരുന്നു. രോഗപ്രതിരോധത്തിനായി സ്വീകരിച്ച നടപടികളുടെ ഫലമായിരുന്നു ഇത്. ജില്ല ഗ്രീൻ സോണിൽ നിൽക്കുമ്പോഴാണ് കോയമ്പേട് മാർക്കറ്റിൽ ചരക്ക് എടുക്കാൻ പോയ ലോറി ഡ്രൈവർക്കും സഹായിയുടെ മകനും രോഗം ബാധിച്ചത്. ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ആരോഗ്യവകുപ്പ് ഇവരുടെ സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥീരീകരിച്ചത്. ജാഗ്രതയോടെയുള്ള ഇടപെടലിന്റെ തെളിവാണിത്. പിന്നീട് ഇവരുമായി ബന്ധപ്പെട്ട മുഴുവൻപേരുടെയും സാമ്പിൾ പരിശോധിക്കുകയും കോവിഡ് ബാധിതരെ പെട്ടെന്ന് കണ്ടെത്തുകയും ചെയ്തു. ആദ്യപരിശോധനയിൽ നെഗറ്റീവായിരുന്നവരെ രണ്ടാമതും പരിശോധിച്ചു. ഇതിലാണ് രണ്ടുപേർ പോസിറ്റീവായത്.
രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം തടയാൻ ഊർജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് പേരാണ് നിത്യവും ജില്ലവഴി വരുന്നത്. ഇവരെയെല്ലാം പരിശോധിക്കുകയും നിർദേശങ്ങൾ നൽകുകയും ആവശ്യമുള്ളവരെ ക്വാറന്റൈയിനിൽ അയയ്ക്കുകയുമാണ്.
കലക്ടർ, പൊലീസ് മേധാവി, ഡിഎംഒ എന്നിവരെല്ലാം വിശ്രമമില്ലാതെ പ്രവർത്തനത്തിലാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്.
മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 8740 കിടക്കകൾ സജ്ജമാണ്. 451 കെട്ടിടങ്ങൾ ഏറ്റെടുത്തു. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ 15218 കിടക്കൾ കണ്ടെത്തിയിട്ടുണ്ട്.
രോഗം വ്യാപിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജാഗ്രത പുലർത്തുന്നുണ്ടെന്നും എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.