കൽപ്പറ്റ: കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മാങ്ങോട് കോളനി, എടവക ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളും, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10, 17, 13 വാർഡുകളും, തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാർഡുകളും, വെള്ളമുണ്ട പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളും നെന്മേനി ഗ്രാമ പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്.

രോഗികളുടെ എണ്ണം കൂടാൻ സാധ്യത

ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
കൽപ്പറ്റ: കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വരും ദിവസങ്ങളിൽ കൂടാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും നിരവധി ആളുകൾ വരും ദിവസങ്ങളിൽ ജില്ലയിൽ എത്തച്ചേരും. ഇവർക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസിന്റെ സ്വഭാവം മനസ്സിലാക്കി ശീലങ്ങൾ മാറ്റിയുള്ള പ്രതിരോധമാണ് പ്രധാന മാർഗ്ഗം. സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക് ഉപയോഗിക്കുകയും, സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും ചെയ്യുന്നത് കർശ്ശനമായി പാലിക്കണം. 90 ശതമാനം ആളുകളും ശരീരത്തിന് പുറത്ത് സുരക്ഷാ കവചം വിട്ടുവീഴ്ചയില്ലാതെ ഒരുക്കിയാൽ പ്രതിരോധ ശേഷി ആർജ്ജിച്ച സമൂഹമായി മാറാൻ സാധിക്കും. വീടുകളിൽ നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നവരുടെ മാനസിക ആരോഗ്യ പരിചരണത്തിനായി സൈക്യാട്രിസ്റ്റ് ഡോ. ഹരീഷിന്റെ നേതൃത്വത്തിൽ മെന്റൽ ഹെൽത്ത് ടീം പ്രവർത്തിച്ചു വരുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

2030 പേർ നിരീക്ഷണത്തിൽ

കൽപ്പറ്റ: കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 2030 പേർ നിരീക്ഷണത്തിൽ കഴിയുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 198 ആളുകൾ പുതുതായി നിരീക്ഷണത്തിൽ ആവുകയും 124 പേർ നിരീക്ഷണ കാലം പൂർത്തിയാക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച 14 പേർ ഉൾപ്പെട ജില്ലയിൽ 20 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ പരശോധനയ്ക്ക് അയച്ച 981 ആളുകളുടെ സാമ്പിളുകളിൽ 773 ആളുകളുടെ ഫലം ലഭിച്ചതിൽ 755 എണ്ണം നെഗറ്റീവായി. 203 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി 1194 സാമ്പിളുകൾ പരശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഇതുവരെ പൊസിറ്റീവ് കേസുകളൊന്നും ലഭിച്ചിട്ടില്ല.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2944 വാഹനങ്ങളിലായി എത്തിയ 5449 ആളുകളെ സ്‌ക്രീനിങ്ങിന് വധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.


അഭ്യൂഹം പരത്തിയാൽ
കർശന നടപടി
കൽപ്പറ്റ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും അഭ്യൂഹങ്ങൾ പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചികിത്സയിലുള്ള വ്യക്തികളെ കുറിച്ച് പല തരത്തിലുള്ള ചർച്ച നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് അവരുടെ മാനസിക ആരോഗ്യത്തെ തളർത്തുന്നതാണ്. അത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് സ്വയം പിന്തിരിയണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് പ്രതരോധ പ്രവർത്തനം:
സർവൈലൻസ് ടീം വിപുലീകരിച്ചു
കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സർവൈലൻസ് ടീം വിപുലീകരിച്ചു. ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സൗമ്യയുടെ നേതൃത്വത്തിലാണ് ടീമിന്റെ പ്രവർത്തനം. കോൺടാക്ട് ട്രേസിങ് അടക്കമുള്ള ജോലികൾ ഏകോപിപ്പിക്കുന്നതിനായി സീനിയർ എപ്പിഡമോളജിസ്റ്റ് ഡോ. സുകുമാരനെ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക ചുമതലപ്പെടുത്തി. മുൻ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റായ ഡോ. സുകുമാരന് കെ.എഫ്.ഡി കൺട്രോൾ സെല്ലിന്റെ ചുമതല കൂടിയുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസ് മാറ്റിയിട്ടില്ല
കൽപ്പറ്റ: ജില്ലാ മെഡിക്കൽ ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റി എന്നുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള എ.പി.ജെ ഹാളിൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം ഈ മാസം ആദ്യവാരം മുതൽ പ്രവർത്തിച്ചുവരികയാണ്. മറിച്ച് മാനന്തവാടിയിലെ ജില്ലാ മെഡിക്കൽ ഓഫീസ് കാര്യാലയം കൽപ്പറ്റയിലേക്ക് മാറ്റി എന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അവർ അറിയിച്ചു.