മണ്ണാർക്കാട്: കുമരംപുത്തൂരിൽ സപ്ലൈക്കോ ഭക്ഷ്യധാന്യ കിറ്റ് പാക്കിംഗ് കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാർക്കാടിന്റെ പിറന്നാളാഘോഷിച്ച സംഭവത്തിൽ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കേക്ക് മുറിക്കുകയും പാക്കിംഗിനുള്ള ഭക്ഷ്യധാന്യപ്പൊടി വാരിവിതറി ആഘോഷം നടത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സി.പി.ഐ, എ.ഐ.വൈ.എഫ് പ്രാദേശിക നേതാക്കളായ രമേഷ്, മുസ്തഫ എന്നിവരുൾപ്പെടെ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പാക്കിംഗ് കേന്ദ്രത്തിൽ വളണ്ടിയർമാരായി പ്രവർത്തിക്കുകയായിരുന്നു ഇവർ. ഭൂരിഭാഗം ആളുകളും മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനമൊന്നും ഉപയോഗിച്ചിരുന്നില്ല. ഇവിടെയുണ്ടായിരുന്ന ചില പാർട്ടി പ്രവർത്തകർ തന്നെയാണ് വീഡിയോയും ഫോട്ടോകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
പ്രദേശത്ത് പാർട്ടിയിലുള്ള ഭിന്നത ഒരു വിഭാഗം മുതലെടുത്തതാണ് സംഭവം പുറത്തറിയാനിടയാക്കിയത്. പ്രതിപക്ഷ കക്ഷികൾക്ക് പുറമേ സി.പി.എമ്മും പ്രതിഷേധ സ്വരം കടുപ്പിച്ചതോടെ സി.പി.ഐ ഏറെ പ്രതിരോധത്തിലായി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സപ്ലൈക്കോ അധികൃതർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പും ഇത്തരത്തിൽ മറ്റൊരു പ്രാദേശിക നേതാവിന്റെ പിറന്നാളാഘോഷം ഇവിടെ നടന്നതായി സൂചനയുണ്ട്.