ksrtc

കോഴിക്കോട്: സിവിൽ സ്റ്റേഷനിലേക്ക് ഇന്നലെ കെ.എസ്.ആർ.ടി.സി ബസുകൾ വീണ്ടുമെത്തി. സർക്കാർ ജീവനക്കാർക്കായാണ് ബസ് സർവീസ് നടത്തിയത്. എല്ലാവരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാണ് ഓഫീസുകളിലെത്തിയത്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും തിരിച്ചും സിവിൽ സ്റ്റേഷനിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ തുടങ്ങാൻ കളക്ടർ നിർദ്ദേശിച്ചിരുന്നു.

ഇരട്ടി ചാർജ്ജാണ് ഈടാക്കുന്നത്. ജീവനക്കാർക്ക് കൈ ശുചീകരിക്കാൻ സാനിറ്റൈസറും നൽകി. നിശ്ചിത അകലം പാലിച്ചാണ് യാത്രക്കാർക്ക് സീറ്റ് നൽകിയത്. മൂന്ന് പേർക്കുള്ള സീറ്റിൽ രണ്ടും, രണ്ടു പേർക്കുള്ള സീറ്റിൽ ഒരാളെയുമാണ് ഇരിക്കാൻ അനുവദിച്ചത്. പരമാവധി 30 ജീവനക്കാരെയാണ് ബസിൽ പ്രവേശിപ്പിച്ചത്. യാത്രക്കാർ കുറവായിരുന്നെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ പേർ ബസ് സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജീവനക്കാർ പറഞ്ഞു.