കൽപ്പറ്റ: കൊവിഡ് രോഗികളുടെ എണ്ണം പതിനെട്ടിലേക്ക് ഉയർന്നതോടെ വയനാട് അതീവ ജാഗ്രതയിലായി. ഏപ്രിൽ ഒന്നു വരെ മൂന്നു പേർക്ക് മാത്രമായിരുന്നു രോഗം. എന്നാൽ 32 ദിവസത്തിന് ശേഷം വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചു. ഗ്രീൻ സോണിലായിരുന്ന വയനാട്ടിൽ മേയ് രണ്ടിനും പതിനഞ്ചിനുമിടയ്ക്ക് രോഗം സ്ഥിരീകരിച്ചത് 18 പേർക്കാണ്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതാണ് ജില്ലയെ പ്രതിസന്ധിയിലാക്കിയത്. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനടക്കം എട്ടു പേർക്ക് രോഗം ബാധിച്ചു.
ഇന്ന്‌രോഗം സ്ഥിരീകരിച്ചതിൽ ഡിവിഷനിൽപ്പെട്ട കുട്ടിയാണ്. ജില്ലാ ഭരണകൂടം ആദ്യം നൽകിയ പ്രസ്താവനയിൽ തിരുനെല്ലി സ്വദേശിനിയെന്നാണ് പറഞ്ഞിരുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്നെത്തിയ സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനിയും ഗർഭിണിയുമായ 25 കാരി, ഭർത്താവായ 29 കാരൻ, കോയമ്പേട് നിന്ന് ചീരാൽ സ്വദേശിയായ യുവാവിനെ കാറിൽ കൂട്ടിക്കൊണ്ടു വന്ന സഹോദരൻ, ട്രക്ക് ഡ്രൈവറുടെ മരുമകന്റെ പനവല്ലിയിലുള്ള സുഹൃത്ത്, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചെറൂരിലെ ഒരു വയസുകാരി എന്നിവർക്കാണ്.
ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോയുംമാനന്തവാടി ഡിവൈ.എസ്.പിയും, സുൽത്താൻ ബത്തേരി സി.ഐയുമുൾപ്പെടെ അറുപത് പൊലീസുകാർ നിരീക്ഷണത്തിലാണ്.
അതിനിടെ കമ്മനയിലെ യുവാവിനെ ചോദ്യം ചെയ്ത അയൽവാസികൂടിയായ പൊലീസുകാരന്റെ സ്രവപരിശോധന ഫലം നെഗറ്റീവായി. ഒരിക്കൽ കൂടി സ്രവം പരിശോധനക്ക് അയക്കും. വയനാട് കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഒാഫീസിന്റെ പ്രവർത്തനം മറ്റൊടിടത്തേക്ക് മാറ്റി. ഇവിടെയുള്ള ജീവനക്കാരോട് ക്വാറന്റൈനിൽ പോകാനും നിർദ്ദേശിച്ചു. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2944 വാഹനങ്ങളിലെത്തിയ 5449 പേരെ സ്‌ക്രീനിംഗ് ചെയ്‌തെങ്കിലും ആർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല.
നിലവിൽ ഇങ്ങനെ
നിരീക്ഷണത്തിൽ കഴിയുന്നവർ - 2030
പുതുതായി നിരീക്ഷണത്തിലായവർ- 198
നിരീക്ഷണം പൂർത്തിയാക്കിയത്- 124
രോഗം സ്ഥിരീകരിച്ചവരുൾപ്പെടെ ആശുപത്രിയിലുള്ളത് - 20 പേർ
ഇതുവരെ പരശോധനയ്‌ക്ക് അയച്ച സാമ്പിൾ- 981
ഫലം ലഭിച്ചത്- 773
നെഗറ്റീവായത്- 755
ലഭിക്കാനുള്ള ഫലം- 203
സാമൂഹ്യ വ്യാപനം കണ്ടെത്താൻ അയച്ച സാമ്പിൾ- 1194