krishi

എടച്ചേരി: തൂണേരി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെ 100 ഏക്കർ തരിശുഭൂമി ഇനി കൃഷിയിടങ്ങളാകും. 50 ഏക്കറിൽ കരനെൽക്കൃഷിയും ബാക്കി സ്ഥലത്ത് ഇടവിളക്കൃഷിയുമാണ് ലക്ഷ്യമിടുന്നത്. കെ.എസ്.കെ.ടി.യു നാദാപുരം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള തൊഴിൽ സേന, പുറമേരി സർവീസ് സഹകര ബാങ്ക് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം പുറമേരി സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി. കുഞ്ഞികൃഷ്ണൻ ചാലപ്പുറത്ത് വിത്തെറിഞ്ഞ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ചന്ദ്രി അദ്ധ്യക്ഷയായിരുന്നു. കൃഷി ഓഫീസർ ഇബ്രാഹീം, ബാങ്ക് സെക്രട്ടറി കെ. ദേവി ദാസൻ, പഞ്ചായത്ത് അംഗം രാജേഷ് കല്ലാട്ട്, കെ.എസ്.കെ.ടി.യു ജില്ല ജോയിന്റ് സെക്രട്ടറി സി.എച്ച്. മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ദിനേശൻ സ്വാഗതവും സി.എച്ച്. വിനോദൻ നന്ദിയും പറഞ്ഞു.