കൽപ്പറ്റ: കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടുവെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് ക്വാറന്റൈൻ നിർദേശിച്ച ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ജീവനക്കാരുടെ സമ്പർക്കവിലക്ക് നീക്കി. വിശദമായ വിശകലനത്തിൽ ഓഫിസ് അടച്ചിടേണ്ട ആവശ്യമില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാനന്തവാടിയിൽ കൊവിഡ് പൊസിറ്റീവായ പൊലിസ് ഉദ്യോഗസ്ഥന്റെ രണ്ടാം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടുവെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഇൻഫർമേഷൻ ഓഫിസ് അടച്ചിട്ട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ജീവനക്കാരോട് നിർദേശിച്ചത്. സമ്പർക്കവിലക്ക് നീക്കിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.