covid

 കൊവിഡ് ഭയന്ന് ആത്മഹത്യയെന്ന് സംശയം

കോഴിക്കോട്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുടെ ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയിൽ. കൊയിലാണ്ടി അരിക്കുളം വാളേരിയിൽ ബിജുവിന്റെ മണിപ്പൂർ സ്വദേശിയായ ഭാര്യയും ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കൊവിഡ് തങ്ങൾക്കും പകരുമെന്ന ഭീതിയിൽ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

നാലു ദിവസം മുമ്പാണ് ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ വിവരം കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ ഗൾഫിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ബിജു മുവാസത് ആശുപത്രിയിലെ വെന്റിലേറ്ററിലാണെന്ന് മനസിലായത്.

ഇവർക്കൊപ്പം കഴിയുന്ന ബിജുവിന്റെ എഴുപതു വയസുള്ള അമ്മ കഴിഞ്ഞ ദിവസം രാവിലെ മുതൽ വൈകിട്ടു വരെ ഫ്ലാറ്റിന് പുറത്തു നിൽക്കുന്നത് കണ്ട അയൽക്കാർ വിവരം തിരക്കി. മരുമകൾ അകത്ത് നിന്ന് മുറി പൂട്ടിയിരിക്കുകയാണെന്നും കയറാൻ കഴിയുന്നില്ലെന്നും ഇവർ പറഞ്ഞതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിളിച്ചു. പൊലീസ് കതകു പൊളിച്ച് കയറിയപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഏറെ നേരം ഫ്ളാറ്റിന് പുറത്തു നിന്ന് അവശയായ വൃദ്ധയെയും ആശുപത്രിയിലാക്കി.

ബിജു എട്ട് വർഷം മദീന എയർപോർട്ടിലെ വണ്ടർലാ കമ്പനിയിൽ ബെൽറ്റ് ടെക്‌നീഷ്യനായിരുന്നു. അടുത്തിടെ ഇയാൾക്ക് ജോലി നഷ്ടമായിരുന്നു. നഴ്‌സിംഗ് മേഖലയിലുള്ള ഭാര്യ ജോലിക്കായുള്ള ശ്രമത്തിലായിരുന്നു. ആരോടും അടുപ്പം സൂക്ഷിക്കാത്ത ബിജുവിന്റെ കുടുംബത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.