കോഴിക്കോട്: നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ അമിത രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന അസുഖങ്ങൾ നിയന്ത്രിക്കാമെന്ന് മേയ്ത്ര ഹോസ്പിറ്റൽ നെഫ്രോളജി കൺസൾട്ടന്റ് ഡോ. വിനു ഗോപാൽ.
അമിത രക്തസമ്മർദ്ദത്തെക്കുറിച്ച് പൊതുജനാവബോധം വളർത്തുകയെന്ന ലക്ഷ്യവുമായാണ് മേയ് 17 ലോക രക്തസമ്മർദ്ദ ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ ലോക രക്തസമ്മർദ്ദ ദിനത്തിന്റെ പ്രമേയം 'നിങ്ങളുടെ രക്തസമ്മർദ്ദം അറിയുകയും നിയന്ത്രിക്കുകയും അതുവഴി ആയുസ്സ് നീട്ടുകയും ചെയ്യുക' എന്നതാണ്. രക്തസമ്മർദ്ദത്തിന്റെ അളവ് 140/90ന് മുകളിൽ രണ്ട് വ്യത്യസ്ത ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിൽ കണ്ടാൽ അതിനെ അമിത രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്നു വിളിക്കാം. ലോകത്ത് ഏകദേശം 1.13 ബില്ല്യൻ ആളുകൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്നാണ് കണക്കുകൾ. പുരുഷന്മാരിൽ നാലു പേരിൽ ഒരാൾക്കും സ്ത്രീകളിൽ അഞ്ചുപേരിൽ ഒരാൾക്കും രക്തസമ്മർദ്ദമുണ്ട്.
90 മുതൽ 95 ശതമാനം രോഗികളിലും ഹൈപ്പർടെൻഷൻ കാണുന്നു. അലസമായ ജീവിത രീതി, അമിതവണ്ണം, മാനസിക പിരിമുറുക്കം, പുകവലി എന്നിവയുള്ളവരിൽ പ്രൈമറി ഹൈപ്പർടെൻഷൻ കാണുന്നു. സെക്കന്ററി ഹൈപ്പർ ടെർഷൻ ഉണ്ടാകുന്നത് മറ്റ് കണ്ടുപിടിക്കപ്പെടുന്ന അസുഖങ്ങളാലാണ്. ചെറിയ തോതിലുള്ള ഹൈപ്പർടെൻഷൻ സാധാരണ രോഗലക്ഷണങ്ങൾ കാണാറില്ല. എന്നാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാതിരുന്നാൽ കിഡ്‌നി, ഹൃദയം എന്നീ അവയവങ്ങളെ ബാധിക്കും. ദ്വിതീയ അമിതരക്തസമ്മർദ്ദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം വൃക്കരോഗങ്ങളാണ്.
അമിതരക്തസമ്മർദ്ദം ചികിത്സിച്ചില്ലെങ്കിൽ രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവയുണ്ടാകാൻ സാധ്യത കൂടുകയും ചെയ്യും. അമിതരക്തസമ്മർദ്ദം ബ്രയിനിനെ ബാധിക്കുന്ന ഹൈപ്പർടെൻസീവ് എൻസിഫിലോപ്പതി എന്ന അസുഖത്തിന് കാരണമാകും.
ഭക്ഷണക്രമമാണ് ഏറ്റവും മികച്ച ചികിത്സ. രണ്ടാമത്, ശരീരഭാരം കുറയ്ക്കൽ. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക. ധ്യാനം, യോഗ എന്നിവ ശീലമാക്കുക. പരിശോധനയും മരുന്നുകളുടെ ഉപയോഗവും കൃത്യമായാൽ രക്തസമ്മർദ്ദവും അതുമൂലമുണ്ടാകുന്ന രോഗങ്ങളും കുറച്ചുകൊണ്ടുവരാം.