tk-ramakrishnan

കോഴിക്കോട്: കൊവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ എത്തുന്നവർക്ക് മതിയായ സംരക്ഷണം നൽകുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ.കളക്ടറേറ്റിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരാതികൾക്കിടവരാത്ത വിധം മതിയായ സംവിധാനം അവർക്ക് നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

പകർച്ചവ്യാധികൾ പടരാനുള്ള സാദ്ധ്യതയുള്ളതിനാൽ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണം. ആശുപത്രികളിലേക്ക് വരുന്ന രോഗികൾക്ക് മതിയായ ചികിത്സയും സംരക്ഷണവും നൽകണം. പി.പി.ഇ കിറ്റുകളുടെ ലഭ്യത ഉറപ്പ് വരുത്തണം. മഴക്കാലം വരുന്നതിനാൽ മാലിന്യസംസ്‌ക്കരണവും ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച വളണ്ടിയർമാരെ വേണമെങ്കിൽ പുനക്രമീകരണം ചെയ്യാം. പ്രയാസമുള്ളവരെ മാറ്റി നിർത്തി രജിസ്റ്റർ ചെയ്ത വളണ്ടിയർമാരെ പുതുതായി ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ സാംബശിവ റാവു, സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.