car-burned

കുന്ദമംഗലം: വയനാട് റോഡിലെ മുറിയനാലിലുള്ള ആഡംബര വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 11 ബെൻസ് കാറുകൾ കത്തിനശിച്ചു. തൃശൂർ സ്വദേശി ജോസഫിന്റെ എമിറേറ്റ്സ് മോട്ടോഴ്സ് എന്ന ആഡംബരകാറുകളുടെ വർക്ക്‌ഷോപ്പിൽ ഇന്നലെ രാവിലെ ആറിനാണ് തീപിടിത്തമുണ്ടായത്. കാരണം കണ്ടെത്താനായിട്ടില്ല.

വർക്ക് ഷോപ്പിനടുത്ത് താമസിക്കുന്ന ജോസഫും സമീപവാസികളും തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും പെട്രോൾ വാഹനങ്ങൾ ഓരോന്നായി ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു. ചൂടും പുകയും കാരണം രക്ഷാപ്രവർത്തകർക്ക് അടുക്കാനും കഴിഞ്ഞില്ല. വർക് ഷോപ്പിനകത്തുണ്ടായിരുന്ന മ​റ്റു വാഹനങ്ങൾക്കും കേടുപാടുണ്ടായി. ഉപകരണങ്ങളും അലമാരയും പൂർണമായി കത്തിനശിച്ചു.

വെള്ളിമാട്കുന്ന്, നരിക്കുനി, മുക്കം ഫയർ സ്‌റ്റേഷനുകളിലെ നാലു യൂണിറ്റും കുന്ദമംഗലം പൊലീസും ഒരുമണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്. രണ്ടര കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.