മാനന്തവാടി: കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായി മാനന്തവാടിയിൽ കടകളടച്ച് പൂട്ടിയത് പൊതുജനങ്ങളെ സാരമായി ബാധിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണിൽ കടകളടയ്ക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മെഡിക്കൽ ഷോപ്പുകൾ, പലചരക്ക് കടകൾ, പഴം,പച്ചക്കറി കടകൾ എന്നിവ തുറക്കാമെന്നും, പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് അതാത് തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങൾ വ്യാപാര സംഘടനകളുമായി ആലോചിച്ച് ഹോം ഡെലിവറി സംവിധാനം ഒരുക്കുന്ന മുറയ്ക്ക് ആ കടകളും അടച്ചിടണമെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിനു വിപരീതമായി നഗരസഭാ അധികൃതരെത്തി കടകൾ അടപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

കണ്ടെയ്ൻമെന്റ് സോണിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ കുറിച്ച് നഗരസഭ തയ്യാറാക്കിയ മാർഗ്ഗരേഖയിൽ ഉച്ചയ്ക്ക് രണ്ട് മണി വരെ അവശ്യ സർവ്വീസുകളായ കടകൾ, മത്സ്യം,മാംസ കടകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു, എന്നാൽ പമ്പുകൾ ഉൾപ്പെടെ അടച്ചിടുകയായിരുന്നു. ഹോം ഡെലിവറി സംബന്ധിച്ച് സംഘടന യാതൊരു നടപടിയും സ്വീകരിച്ചുമില്ല. കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലും ഇതുതന്നെയാണ് സ്ഥിതി.

പൊതുവിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുടമകൾക്കുള്ള കിറ്റ് വിതരണവും തടസ്സപ്പെട്ടു. തുറന്ന റേഷൻ കടകളും അടപ്പിച്ചതായാണ് പരാതി. നഗരസഭ വെള്ളിയാഴ്ച രാത്രി അറിയിച്ചത് രാവിലെ 7 മണി മുതൽ മാത്രമെ മത്സ്യ വിൽപ്പന പാടുള്ളുവെന്നായിരുന്നുവെങ്കിലും മത്സ്യവും മാംസവും വാങ്ങാൻ എത്തിയവർക്കും വെറുതെ മടങ്ങേണ്ടി വന്നു.