കോഴിക്കോട്: ഫാം ഉടമകൾ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ചിക്കൻ വ്യാപാര സമിതിയുടെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് ജില്ലയിൽ കോഴി ഇറച്ചി കിട്ടാക്കനിയായി. വെള്ളിയാഴ്ച മുതലാണ് സമരം തുടങ്ങിയത്. ഇറച്ചിയ്‌ക്ക് 220 രൂപ വരെ വില വർദ്ധിപ്പിച്ചതിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുത്തിരുന്നു. എന്നാൽ 200 രൂപയ്‌ക്ക് മുകളിൽ വിൽക്കാൻ പാടില്ലെന്ന് ജില്ലാഭരണകൂടം ഉത്തരവിറക്കിയതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. 180 രൂപയാണ് ജില്ല ഭരണകൂടം നിശ്ചയിച്ച വില.
ഫാമിൽ നിന്ന് 200 രൂപയ്‌ക്കാണ് കോഴി കിട്ടുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇന്ന് സമ്പൂർണ ലോക്ക് ഡൗണായതിനാൽ കോഴി ഇറച്ചിയ്‌ക്കായി ആളുകൾ ഇന്നലെ നെട്ടോട്ടത്തിലായിരുന്നു. മീനിനും ഇറച്ചിയ്‌ക്കും പച്ചക്കറിയ്‌ക്കുമെല്ലാം ഇന്നലെ വിവിധ മാർക്കറ്റുകളിൽ വൻ തിരക്കായിരുന്നു. ഇംഗ്ലീഷ് പള്ളിയിലെ മാർക്കറ്റിലും പാളയത്തും പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
തുറന്നത് ഒരു കോഴിക്കട
ലോക്ക് ഡൗൺ നിയന്ത്രണം മറന്ന് നഗരത്തിൽ തുറന്ന ഏക കോഴിക്കടയ്‌ക്ക് മുന്നിൽ ഇന്നലെ വൻ തിരക്കായിരുന്നു. കോഴിക്കടകൾ അടച്ചുള്ള സമരത്തിനിടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം ഒരു കട തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് വില ഈടാക്കിയ ഇവിടെ വൻ തിരക്കായിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് തിരക്ക് കൂടിയത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസിനും നിയന്ത്രിക്കാൻ കഴിയാതായതോടെ നടക്കാവ് സ്‌റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തി. തുടർന്ന് ആളുകളോട് അകലം പാലിച്ച് നിൽക്കാനും തിരക്ക് ഒഴിവാക്കാനും നിർദ്ദേശിച്ചു. മത്സ്യ ആളുകൾ കൂട്ടം കൂടിയതോടെ കടകൾക്ക് മുന്നിൽ കയർകെട്ടിയാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്.
പിടികിട്ടാത്ത കോഴി വില
ഇറച്ചിയ്‌ക്ക് വില വർദ്ധിച്ചത് - 220 രൂപ വരെ
200 രൂപയ്‌ക്ക് മുകളിൽ വിൽക്കരുതെന്ന് ജില്ലാഭരണകൂടം
ജില്ല ഭരണകൂടം നിശ്ചയിച്ച - 180 രൂപ
ഫാമിൽ നിന്ന് 200 രൂപയ്‌ക്കാണ് കോഴി കിട്ടുന്നതെന്ന് കച്ചവടക്കാർ
കോഴിക്കച്ചവടക്കാർ സമരം തുടങ്ങിയത് വെള്ളിയാഴ്ച മുതൽ