corona

കോഴിക്കോട്: ജില്ലയിൽ ഇന്നലെ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുവൈത്തിൽ നിന്നെത്തിയ ഓമശ്ശേരി (51 വയസ്സ്), പേരാമ്പ്ര (55) സ്വദേശികൾ, ചെന്നൈയിൽ നിന്നുവന്ന നരിപ്പറ്റ സ്വദേശി (43) എന്നിവർക്കാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.

ഓമശ്ശേരി, പേരാമ്പ്ര സ്വദേശികൾ മേയ് 13ന് കുവൈത്തിൽ നിന്ന് കരിപ്പൂരിൽ എത്തിവരാണ്. വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തിൽ ഓമശ്ശേരിയിൽ എത്തിച്ച് അവിടെ കൊവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായിരുന്നു. ഓമശ്ശേരി സ്വദേശിക്ക് 14ാം തീയതിയും പേരാമ്പ്ര സ്വദേശിക്ക് 15ാം തീയതിയും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച നരിപ്പറ്റ സ്വദേശി മേയ് ഒമ്പതിന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പത്തിന് രാവിലെ വാളയാറിൽ എത്തുകയും പാസില്ലാത്തതിനാൽ അവിടെ വൈകീട്ട് വരെ തങ്ങുകയും ചെയ്തു. തുടർന്ന് പൊലീസ് സജ്ജമാക്കിയ വാഹനത്തിൽ പുറപ്പെട്ട് മേയ് 11 ന് രാവിലെ 10.30 ന് നരിപ്പറ്റയിലെത്തി വീട്ടിൽ നീരീക്ഷണത്തിലായിരുന്നു. 13ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. ഇവരിൽ 24 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ ഏഴ് കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസർകോട് സ്വദേശിയുമാണ് കൊവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.

ഇന്ന് 52 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 2754 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2648 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2609 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 206 പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.