കൽപ്പറ്റ: കൊവിഡ് 19 രോഗബാധിതരായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗ വിമുക്തരായി. കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗബാധയുണ്ടായ ട്രക്ക് ഡ്രൈവറുടെ അമ്മയും ഡ്രൈവറുടെ കൂടെ ജോലി ചെയ്ത സഹായിയുടെ മകനുമാണ് ഇന്നലെ രോഗത്തിൽ നിന്ന് മുക്തരായത്.
ജില്ലയിൽ ആകെ 2157 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പുതുതായി 242 പേർ നിരീക്ഷണത്തിൽ ആവുകയും 115 പേർ നിരീക്ഷണ കാലം പൂർത്തിയാക്കുകയും ചെയ്തു. 1065 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 798 പേരുടെ ഫലം ലഭ്യമായി. ഇതിൽ 775 പേരുടെ ഫലം നെഗറ്റീവാണ്. 262 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്. രോഗം സ്ഥിരീകരിച്ച 17 പേർ ഉൾപ്പെടെ നിലവിൽ 25 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 1194 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 4189 വാഹനങ്ങളിലായി എത്തിയ 6933 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
കണ്ടൈൻമെന്റ് പൂർണ്ണ അടച്ചിടൽ
കൽപ്പറ്റ: ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രദേശങ്ങൾ പൂർണ്ണമായും കണ്ടൈൻമെന്റ് സോണുകളായി നിശ്ചയിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയും, തിരുനെല്ലി, എടവക, വെള്ളമുണ്ട പഞ്ചായത്തുകളുമാണ് ഈ പ്രദേശങ്ങൾ. മീനങ്ങാടി പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത്, 11, 13, 14, 15, 16, 17, 18 വാർഡുകളും തച്ചമ്പാട്ട് കോളനിയും കണ്ടൈൻമെന്റ് സോണുകളാണ്.
തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡും, നെൻമേനി പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളും അമ്പലവയൽ പഞ്ചായത്തിലെ മാങ്ങാട്ട് കോളനിയും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ടൈൻമെന്റ് സോണുകളിൽ പൂർണ്ണ അടച്ചിടലാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. രോഗ വ്യാപനം തടയാൻ വേണ്ടിയാണിത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. ഇത് പൂർത്തിയാവുന്നതോടെ പലചരക്ക് കടകളും അടയ്ക്കും. പോസ്റ്റ് ഓഫീസുകൾ രാവിലെ 10 മുതൽ 12 വരെയും ബാങ്കുകൾ 10 മുതൽ രണ്ട് വരെയും പ്രവർത്തിക്കും. മെഡിക്കൽ ഷോപ്പുകൾക്ക് പ്രവർത്തനാനുമതി ഉണ്ടാവും. റേഷൻ കടകളിൽ വിരൽ പതിപ്പിക്കരുത്. ബില്ലുകൾ എഴുതി നൽകണം. പെട്രോൾ പമ്പുകൾ ഓരോ ദിവസം ഒന്ന് എന്ന വീതം 10 മുതൽ രണ്ട് വരെ തുറക്കാം. ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങൾക്ക് സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാം. ഹോം ഡെലിവറി പൂർത്തിയാവുന്നത് വരെ പലചരക്ക് കടകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് എടുക്കാവുന്നതാണ്.
രോഗവ്യാപനം തടയാൻ ജാഗ്രത വേണം
രോഗവ്യാപനത്തിനെതിരെ ജനങ്ങൾ സ്വയം ജാഗ്രതയിലേക്ക് പോകണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. എല്ലാ കൺണ്ടെയ്ൻമെന്റ് സോണുകളിലും പൊലിസ് ശക്തമായ നിരീക്ഷണം നടത്തും. ആരോഗ്യ വകുപ്പ് പ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുളള ജാഗ്രത സമിതിയും വീടുകളിൽ സന്ദർശനം നടത്തും. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജിതമാക്കും. ഹോം ക്വാറന്റെയിൻ, ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയിൻ, റൂം ക്വാറന്റെയിൻ തുടങ്ങിയ നിരീക്ഷണത്തിൽ ഉള്ളവർ ആരോഗ്യ സേതു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. തവിഞ്ഞാൽ, തൊണ്ടർനാട്, മാനന്തവാടി ടൗൺ പരിസരത്തുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിയന്ത്രണം പാലിക്കാത്ത കടകൾ അടപ്പിക്കും
കൽപ്പറ്റ: കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെയും സാനിറ്റൈസർ ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ജില്ലയിൽ മൂന്ന് സ്‌ക്വാഡുകൾ രംഗത്ത്. ഇത്തരത്തിൽ ശ്രദ്ധയിൽപെട്ട കാവുംമന്ദത്തെ ഒരു മൊബൈൽ ഷോപ്പ് അടപ്പിച്ചു. മൊബൈൽ ഷോപ്പ് ഉടമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ നിർബന്ധിത ക്ലാസ്സ് കേട്ടതിനു ശേഷം മാത്രമേ കട തുറക്കാൻ അനുവദിക്കുകയുള്ളൂ.
മജിസ്റ്റീരിയൽ ചുമതല നൽകി
കൽപ്പറ്റ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബത്തേരി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മജിസ്റ്റീരിയൽ ചുമതല എ.ഡി.എം തങ്കച്ചൻ ആന്റണിക്കും, മാനന്തവാടി താലൂക്കിലെ ചുമതല ഡെപ്യൂട്ടി ഇ. മുഹമ്മദ് യൂസഫിനും നൽകി. ആവശ്യമാകുന്ന പക്ഷം കൽപ്പറ്റയിലെ ചുമതല ഡെപ്യൂട്ടി കളക്ടർ കെ.അജീഷിന് നൽകും.
കോളനികൾ അതീവ ജാഗ്രതയിൽ
കൽപ്പറ്റ: ജില്ലയിലെ രോഗബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കോളനികൾ അതീവ ജാഗ്രതയിൽ. 650 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
തിരുനെല്ലി പഞ്ചായത്തിലെ 52 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. സർവാണി കോളനിയിൽ ഒമ്പത് പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കോളനികളിൽ 24 മണിക്കൂർ പൊലീസിന്റെ ജാഗ്രതയും ജെ.എച്ച്.ഐ മാരുടെ സാന്നിദ്ധ്യവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
സർവൈലൻസ് ശക്തിപ്പെടുത്തും
കൽപ്പറ്റ: സർവൈലൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ല കൺട്രോൾ റൂമിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കണ്ടൈൻമെന്റ് സോണുകളിൽ കോവിഡ്, കോവിഡേതര രോഗങ്ങളുടെ സർവൈലൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനി, വയറിളക്കം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിന് ആരോഗ്യ സേനയുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ നിർദേശിച്ചു. 20 വീടുകൾക്ക് ഒരു ആരോഗ്യ സേന പ്രവർത്തകരെ വിന്യസിക്കുകയും 10 ആരോഗ്യ സേന പ്രവർത്തകർക്ക് ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്ന തോതിൽ സന്നദ്ധപ്രവർത്തകരെ നെഹ്റു യുവകേന്ദ്ര ഏർപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. കൂടാതെ മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തണമെന്നും ആരോഗ്യവകുപ്പ് ജില്ല കൺട്രോൾ റൂമിൽ ചേർന്ന യോഗത്തിൽ കളക്ടർ ആവശ്യപ്പെട്ടു.