മുക്കം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 12 പേരെയാണ് മുക്കം പൊലീസ് ഇന്നലെ പിടികൂടി കേസെടുത്തു. കൊടിയത്തൂരിൽ നിയമം ലംഘിച്ച് കച്ചവടം നടത്തിയതിന് രണ്ട് കട ഉടമകൾക്കെതിരെയും കേസെടുത്തു. കെ.കെ സ്റ്റോഴ്സ് ആൻഡ് സാനിറ്ററിസ് ഉടമ കുറവൻകടത്തു ജാഫർ, എസ്.എ.എസ് വെജിറ്റബിൾസ് ഉടമ എള്ളങ്ങൽ ഷെരീഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ക്വാറന്റൈൻ സെന്ററായ ലോഡ്ജിൽ അതിക്രമിച്ചു കയറിയതിന് പെരുമ്പടപ്പ് കരിമ്പിൽ ലക്ഷംവീട് കോളനിയിലെ ചന്ദ്രനെതിരെയും കേസെടുത്തു. ദിവസങ്ങളായി മുക്കത്തും പരിസരത്തും വലിയ തിരക്കാണ്. നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ സാമൂഹിക വ്യാപനത്തിന് കാരണമാകുമെന്ന് ബോധവത്കരിക്കാൻ വിവിധ പ്രദേശങ്ങളിൽ പൊലീസ് ഉച്ചഭാഷിണി ഉപയോഗിച്ച് അനൗൺസ്‌മെന്റ് നടത്തിയത്. നിയമ ലംഘകർക്കെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.