നാദാപുരം: ലോക്ക് ഡൗണിൽ കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ കുടുങ്ങിപ്പോയ പുറമേരി സ്വദേശികളായ പന്ത്രണ്ടു വയസുകാരി അയനയും എട്ടു വയസുകാരി അമയയും 62 ദിവസത്തിനുശേഷം വീട്ടിലെത്തി. സ്‌കൂൾ അടച്ചതോടെ ഇരുവരും ഇളയച്ഛന്റെ വീട്ടിലേക്ക് പോയതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് തിരിച്ചുപോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ വന്നത്. അതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കുട്ടികൾ കോയമ്പത്തൂരും അച്ഛനും അമ്മയും പുറമേരിയും. കുട്ടികളെ നാട്ടിലെത്തിക്കാൻ പലവഴികൾ തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതിനിടെ കുട്ടികളുടെ മാതാപിതാക്കൾ പുറമേരിയിലുള്ള സേവാഭാരതി യൂണിറ്റിന്റെ സഹായം തേടി. ഇവർ കോയമ്പത്തൂരിലുള്ള സേവാഭാരതി യൂണിറ്റുമായി ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിൽ നിന്നും പൊലീസിൽ നിന്നും ആവശ്യമായ രേഖകൾ ശരിയാക്കി അയച്ചു കൊടുത്തതോടെ നാട്ടിലെത്താനുള്ള വഴികൾ തെളിയുകയായിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കളോടൊപ്പം കുട്ടികൾ കേരള അതിർത്തിയായ വാളയാറിൽ എത്തി. സേവാഭാരതി കൊയിലാണ്ടി യൂണിറ്റിന്റെ ആംബുലൻസിൽ വാളയാർ അതിർത്തിയിൽ എത്തിയ അമ്മ കുട്ടികളെ സ്വീകരിച്ചു പുറമേരിയിലേക്ക് . ഇനി 14 ദിവസം ക്വാറന്റൈനിൽ.