സുൽത്താൻ ബത്തേരി: ചീരാലിൽ നാല് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ചീരാൽ പ്രദേശം അതീവ ജാഗ്രതയിൽ. ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് നാല് പൊസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തത്. ഇതോടെ നെന്മേനി പഞ്ചായത്തിലെ 9,10,11,12 വാർഡുകൾ കണ്ടൈൻമെന്റ് മേഖലകളായിരിക്കുകയാണ്.
ഈ മാസം പത്തിനാണ് ചീരാലിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പ്രദേശത്ത് നാല് പോസിറ്റീവ് കേസുകളായി. ഇതോടെ നാല് വാർഡ് ഉൾപ്പെടുന്ന പ്രദേശങ്ങൾ പൂർണമായി അടച്ചുപൂട്ടി അതീവ ജാഗ്രതയിലായിരിക്കുകയാണ്.
ആളുകൾ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. പൊലീസും ആരോഗ്യ പ്രവർത്തകരും മുഴുവൻ സമയ പരിശോധനയിലാണ്.
പുതുതായി തുടങ്ങിയ നൂൽപ്പുഴ സ്റ്റേഷന്റെ പരിധിയിലാണ് നെന്മേനി. ബത്തേരി സ്റ്റേഷനിലെ പൊലീസുകാർ ക്വാറന്റൈനിൽ പോകേണ്ട സാഹചര്യം ഉണ്ടായതോടെ അതീവ ജാഗ്രതയിലാണ് പൊലീസ് നടപടി.
ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്നെത്തിയ യുവാവ്, ഇയാളുടെ സഹോദരൻ,വിദേശത്ത് നിന്നെത്തിയ ദമ്പതികൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയ്യതി രാത്രി 11.30-ഓടെയാണ് കോയമ്പേട് മാർക്കറ്റിൽ നിന്ന് യുവാവ് ചീരാലിലെത്തിയത്. വാളയാറിൽ നിന്ന് ലക്കിടി വരെ ടാക്സിയിലാണ് എത്തിയത്. ലക്കിടിയിൽ നിന്ന് സഹോദരനും സുഹൃത്തും ചേർന്ന് ഇയാളെ കാറിൽ ചീരാലിൽ എത്തിക്കുകയായിരുന്നു. ഇയാളുമായി പ്രഥമ സമ്പർക്കത്തിലുണ്ടായിരുന്ന സഹോദരനാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുകയാണ്.
വിദേശത്ത് നിന്നെത്തിയ ദമ്പതികൾ എട്ടാം തീയ്യതിയാണ് ചീരാലിൽ എത്തിയത്. ഇവരെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യ വകുപ്പിന് വീഴ്ചപറ്റിയെന്ന് ആരോപണം
സുൽത്താൻ ബത്തേരി: ചീരാലിൽ കൊവിഡ് രോഗം പടരാൻ കാരണം ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നാണ് ആരോപണം. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് എത്തിയ ആളെയും ഇയാളെ ലക്കിടിയിൽ നിന്ന് കാറിൽ കൂട്ടികൊണ്ടുവന്ന ആളെയും നിരീക്ഷണത്തിലാക്കുന്നതിൽ ആരോഗ്യ വകുപ്പിന് വന്ന വീഴ്ചയാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നാണ് പ്രധാന ആരോപണം.
ഇയാളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാതെ സ്വന്തമായി നിരീക്ഷണത്തിൽ വിടുകയായിരുന്നു. ഇയാളെ കൂട്ടികൊണ്ടുവന്ന സഹോദരനെയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും നിരീക്ഷണത്തിൽ വെച്ചങ്കിലും ഇവരെ ആരോഗ്യവകുപ്പ് കൃത്യമായി നീരീക്ഷിച്ചിരുന്നില്ലെന്നാണ് ആരോപണമുയരുന്നത്.
ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്നു വരുന്ന ആളുകളുടെ വിവരം കൃത്യമായി തങ്ങൾക്ക് ലഭിച്ചില്ലെന്നും, പിന്നീട് നിരീക്ഷണത്തിൽ വെച്ചവർ തങ്ങളുമായി സഹകരിച്ചില്ലെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൂൽപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിൽ വീണ്ടും മദ്യഷാപ്പുകൾ തുറന്നു
സുൽത്താൻ ബത്തേരി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ച തമിഴ്നാട്ടിലെ മദ്യശാലകൾ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ തുറന്നു. ഈ മാസം 7,8 തീയ്യതികളിലാണ് തമിഴ്നാട്ടിലെ മദ്യശാലകൾ നേരത്തെ തുറന്നിരുന്നത്.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ നീലഗിരി ജില്ലയിൽ 71 മദ്യശാലകളാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. നാല് കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത ചീരാലിനടുത്ത നമ്പ്യാർകുന്നിലെ തമിഴ്നാട് അതിർത്തിയിലുള്ള മദ്യഷാപ്പ് ഇന്നലെ തുറന്നില്ല. അതേസമയം താളൂർ അതിർത്തിയിലെ മദ്യശാല ഉച്ചവരെ തുറന്നതിന് ശേഷം അടച്ചു.
റെഡ്‌സോണിൽപ്പെട്ട നെന്മേനി പഞ്ചായത്തിന്റെ അതിർത്തികളിലാണ് തമിഴ്നാടിന്റെ രണ്ട് മദ്യശാലകളും. അതിർത്തിയിലെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതോടെ വലിയ ആൾക്കൂട്ടം തന്നെയായിരിക്കും ഷാപ്പുകളിലും പരിസരങ്ങളിലും ഉണ്ടാകുക. ഇത് കൊവിഡ് രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഇടവരുത്തുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.