കോഴിക്കോട്: കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്താൻ സൗജന്യ മെഡിക്കൽ പരിശോധനകളുമായി ആസ്റ്റർ മിംസിന്റെ മൊബൈൽ ക്ലിനിക്ക് സഞ്ചാരം തുടങ്ങി. ആസ്റ്റർ വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ ആസ്റ്റർ മിംസ് മൊബൈൽ ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടത്തുന്നത്. കോഴിക്കോട് സിഡിഎ കോളനിയിൽ കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടെങ്ങും കൊവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ആസ്റ്റർ മിംസിന്റെ മെഡിക്കൽ ക്യാമ്പ് മാതൃകാപരമാണെന്ന് മേയർ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ച് കൂടുതൽ ക്യാമ്പുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപ ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സി.ഒ.ഒ സമീർ പി.ടി പറഞ്ഞു. കൊവിഡ് ലക്ഷണങ്ങൾ, ഷുഗർ, രക്തസമ്മർദ്ദം തുടങ്ങിയ പരിശോധനകളാണ് ലഭ്യമാക്കുന്നത്. ഡോ. വേണുഗോപാലൻ പി. പി (എമർജൻസി വിഭാഗം ഹെഡ്, ആസ്റ്റർ മിംസ് കോഴിക്കോട്), ബിജു (വാർഡ് കൗൺസിലർ), മാത്യു (സെന്റ് അൽഫോൻസ പാലിയേറ്റീവ് കെയർ), ഈസ (മിംസ് ചാരിറ്റബിൾ ട്രസ്റ്റ്) എന്നിവർ നേതൃത്വം നൽകി.