മുക്കം: കൊവിഡിനെ കരുതലോടെ നിരീക്ഷിക്കുമ്പോൾ തന്നെ പക്ഷിനീരീക്ഷണത്തിന്റെ തിരക്കിലുമാണ് ഈ യുവഅദ്ധ്യാപകൻ. വന്യജീവി ഫോട്ടോഗ്രാഫർ കൂടിയായ അനൂപ് മുത്തേരി പറമ്പിലും പരിസരങ്ങളിലുമായി കറങ്ങി പക്ഷികളുടെ ചിത്രങ്ങൾ പകർത്തുകയാണിപ്പോൾ.
എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ ലോക്ക് ഡൗണിന്റെ ഈ ദിവസങ്ങൾക്കിടയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞു. കാലൻകോഴി, മയിൽ, വെള്ളിമൂങ്ങ, ചെമ്പൻനത്ത്, മണികണ്ഠൻ, ഓലഞ്ഞാലി, വവ്വാലുകൾ തുടങ്ങി നിര നീളുകയാണ്. വംശനാശഭീഷണി നേരിടുന്ന വിവിധ ഇനം പക്ഷികളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് അനൂപിന്റെ ഈ നിരീക്ഷണത്തിന് പിന്നിൽ. പക്ഷി മൃഗാദികളുടെ ലോകമെന്ന നിലയിൽ കാടിനോടുള്ള കമ്പം ഇദ്ദേഹത്തിന് കുറച്ചൊന്നുമല്ല. അവയെ കഴിയാവുന്നത്ര അടുത്തുകാണാനും ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ച് കാമറയിൽ പകർത്താനും കിട്ടുന്ന ഒരവസരവും കളയാറില്ല. സംസ്ഥാനത്തിനകത്തെന്ന പോലെ മറ്റിടങ്ങളിലെ കാടുകളിലും ഏറെ അലഞ്ഞിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ ബന്ധനത്തിലായപ്പോൾ എങ്ങനെ ഈ ദിവസങ്ങൾ കൂടുതൽ ക്രിയാത്മകമാക്കാം എന്ന ചിന്തയായി. കാടുകളിലേക്ക് കയറാൻ ഒരു നിവൃത്തിയുമില്ല. എങ്കിൽ പിന്നെ പക്ഷി നീരീക്ഷണവുമായി പറമ്പുകളും പരിസരങ്ങളിലും തന്നെയാവാം കറക്കമെന്നു വെച്ചു. ദിവസവും മണിക്കൂറുകൾ തന്നെ ചെലവിടുന്നുണ്ട് ഇതിനായി.
മുക്കത്തിനടുത്ത് മുത്തേരിക്കാരനായ അനൂപ് ചാത്തമംഗലം മലയമ്മ എ.യു.പി സ്കൂൾ അദ്ധ്യാപകനാണ്. ലോക്ക് ഡൗൺ നീങ്ങിയാൽ വിദ്യാർത്ഥികൾക്കായി നാട്ടുപക്ഷികളുടെ ചിത്രപ്രദർശനം ഒരുക്കണമെന്ന മോഹത്തിലാണിപ്പോൾ.