കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ വഴി കേരളത്തിലേക്ക് പ്രവേശിച്ചവരുടെ എണ്ണം 7219 ആയി. ഇതിൽ 4954 പുരുഷൻമാരും 1681 സ്ത്രീകളും 584 കുട്ടികളും ഉൾപ്പെടും. 522 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. 3008 വാഹനങ്ങളാണ് അതിർത്തി കടന്നെത്തിയത്.
ക്വാറന്റൈൻ ലംഘിച്ചാൽ പാസ്‌പോർട്ട് പിടിച്ചെടുക്കും
കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്ന പ്രവാസികൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. റൂം ക്വാറന്റൈനിൽ കഴിയുന്നവർ മുറിവിട്ട് പുറത്തിറങ്ങുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പാസ്‌പോർട്ട് പിടിച്ചെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
683 പട്ടിക വർഗ്ഗക്കാർ നിരീക്ഷണത്തിൽ
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി 683 പട്ടികവർഗ്ഗക്കാരെ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കി. വീടുകളിലും ജില്ലാ ഭരണകൂടം ഒരുക്കിയ സ്ഥാപനങ്ങളിലുമാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്. 416 പുരുഷൻമാരും 267 സ്ത്രീകളുമാണ്. വൈത്തിരിയിൽ 48 സ്ത്രീകളും 6 പുരുഷൻമാരും മാനന്തവാടിയിൽ 286 പുരുഷൻമാരും 243 സ്ത്രീകളും സുൽത്താൻ ബത്തേരിയിൽ 82 പുരുഷൻമാരും 18 സ്ത്രീകളുമാണുള്ളത്. ഇവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ഭക്ഷ്യ വിതരണത്തിനുമായി പട്ടിക വർഗ്ഗം, പൊലീസ്, ആരോഗ്യ വകുപ്പുകൾക്ക് ചുമതല നൽകിയിട്ടുണ്ട്.
പ്രവാസികളെ സ്വീകരിക്കാൻ ജാഗ്രതയോടെ ജില്ല
ഇതുവരെ എത്തിയത് 33 സ്ത്രീകളും 33 പുരുഷൻമാരും 8 കുട്ടികളും
കൽപ്പറ്റ: കൊവിഡ് 19 രോഗ വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ രാപകൽ ജാഗ്രതയോടെ ജില്ലാഭരണകൂടം. 74 പേരാണ് ഇന്നലെ വരെ ജില്ലയിലെത്തിയത്.
കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽ ഇറങ്ങി പ്രത്യേകം ഒരുക്കിയ കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇവർ വയനാട്ടിലെത്തിയത് പല ദിവസങ്ങളിലും രാത്രി സമയങ്ങളിലാണ്. രാത്രി 9 മുതൽ പുലർച്ചെ നാലു വരെ കാത്തിരുന്നാണ് ഉദ്യോഗസ്ഥ സംഘം ഇവരെ സ്വീകരിച്ചത്. 33 സ്ത്രീകളും 33 പുരുഷൻമാരും 8 കുട്ടികളുമാണ് ഇതുവരെ എത്തിയത്.
34 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ താമസിപ്പിച്ചു. കൽപ്പറ്റയിൽ മികച്ച താമസ സൗകര്യം ഇവർക്ക് സൗജന്യമായി ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെയും സംയുക്ത മേൽനോട്ടത്തിലാണ് ഭക്ഷണവും താമസ സൗകര്യങ്ങളും നൽകുന്നത്. തിരികെയെത്തിയവരിൽ 37 പേരെ വീടുകളിലേക്ക് നിരീക്ഷണത്തിൽ കഴിയാൻ വിട്ടു. മൂന്ന് പേർ മറ്റ് ജില്ലകളിലെ ഭർതൃ വീടുകളിൽ കഴിയുന്നു.
മാലിദ്വീപ് 23, യു.എ.ഇ 36, ബഹറിൻ 5, സൗദി 7 എന്നിങ്ങനെയാണ് രാജ്യങ്ങൾ തിരിച്ചുള്ള കണക്ക്. ഖത്തർ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും എത്തി. പ്രായമേറിയവരെയും ഗർഭിണികളെയും കുട്ടികളെയുമാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അയച്ചിട്ടുള്ളത്.
കൽപ്പറ്റയിലെ അഞ്ച് സ്വകാര്യ ഹോട്ടലുകളിലാണ് പ്രവാസികൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. 200 പേർക്ക് താമസിക്കാൻ സൗകര്യം ഉണ്ടാവും. വിദേശങ്ങളിൽ നിന്ന് 4500 പേരെങ്കിലും ജില്ലയിലേക്ക് തിരിച്ചെത്തുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇവരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.സി.മജീദ് നോഡൽ ഓഫീസറായുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രവാസികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നത്. മുനിസിപ്പൽ ചെയർപേഴ്സൻ സനിത ജഗദീഷ് മേൽനോട്ടം വഹിക്കുന്നു. മുനിസിപ്പൽ സെക്രട്ടറി പി.ടി.ദേവദാസ്, ഡി.ടി.പി.സി. സെക്രട്ടറി ആനന്ദ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സത്യൻ എന്നിവർ കോവിഡ് കെയർ സെന്ററിലെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് തുടക്കം
കൽപ്പറ്റ: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായുള്ള വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. 'തുടരണം ഈ കരുതൽ' എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ സാനിറ്റൈസർ കിയോസ്‌ക്കുകളും പൊതുജനങ്ങൾ കൂടുതലായി വരുന്ന ഇടങ്ങളിൽ ബ്രേക്ക് ദ ചെയിൻ സന്ദേശം ഉൾക്കൊള്ളുന്ന ടേബിൾ സ്റ്റാൻഡുകളും സ്ഥാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബ്രേക്ക് ദ ചെയിൻ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളും പ്രദർശിപ്പിച്ചു.
ബ്രേക്ക് ദ ചെയിൻ പാലിക്കേണ്ട കാര്യങ്ങൾ:
സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയാക്കുക
മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
ആളുകളുമായി ഇടപെടുമ്പോൾ ചുരുങ്ങിയത് 1.5 മീറ്റർ അകലം പാലിക്കുക.
പൊതു ഇടങ്ങളിൽ തുപ്പരുത്
യാത്രകൾ പരമാവധി ഒഴിവാക്കുക
വയോജനങ്ങളും കുട്ടികളും ഗർഭിണികളും രോഗികളും വീട്ടിൽതന്നെ കഴിയുക
കഴുകാത്ത കൈകൾക്കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്
മാസ്‌ക് ഉൾപ്പെടെ ഉപയോഗിക്കുന്ന ഒരു വസ്തുവും വലിച്ചെറിയരുത്
പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക
ചുമയ്ക്കമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക.
സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഓർഡിനേറ്റർ സിനോജ് പി ജോർജ്, വയോമിത്രം മെഡിക്കൽ ഓഫീസർ പി.ആഷ്ലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
(ചിത്രം)